15
Feb 2026
Sun
15 Feb 2026 Sun
Indian student Saketh found dead

കാണാതായി ആറ് ദിവസത്തിന് ശേഷം, 22 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി 9 മുതലാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാകേതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തതായി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ബെര്‍ക്ക്ലി കുന്നുകള്‍ക്ക് സമീപമുള്ള അന്‍സ തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കോണ്‍സുലേറ്റ് ഉറപ്പുനല്‍കി. ‘ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു,’ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കാമ്പസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ അവസാനമായി കണ്ട സാകേതിനെ കണ്ടെത്താന്‍ ലേക്ക് അന്‍സ, ബെര്‍ക്ക്ലി ഹില്‍സ് മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന് അടുത്തുള്ള ഒരു വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. റെഡ്ഡിറ്റ് (Reddit) ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി അംഗങ്ങളും തിരച്ചിലിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

ഐഐടി മദ്രാസിലെ മുന്‍ വിദ്യാര്‍ത്ഥിയായ സാകേത് ബെര്‍ക്ക്ലിയില്‍ മാസ്റ്റേഴ്‌സ് ബിരുദത്തിന് പഠിക്കുകയായിരുന്നു. ബെംഗളൂരുവിലെ ശ്രീവാണി എജ്യുക്കേഷന്‍ സെന്ററിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പഠനത്തില്‍ മിടുക്കനും വിനയവുമുള്ള വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഹൈപ്പര്‍ലൂപ്പിനായുള്ള ‘മൈക്രോചാനല്‍ കൂളിംഗ് സിസ്റ്റം’ കണ്ടുപിടിച്ച ആറംഗ സംഘത്തില്‍ ഒരാളായ സാകേതിന്റെ പേരില്‍ പേറ്റന്റുമുണ്ട്.

സാകേതിനെക്കുറിച്ച് സുഹൃത്ത് പറയുന്നത്

saketh

സാകേത് ശ്രീനിവാസയ്യയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ റൂംമേറ്റ് ബനീത് സിംഗ് ലിങ്ക്ഡ്ഇന്നില്‍ (LinkedIn) വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചു. ‘എന്റെ ബെര്‍ക്ക്ലിയിലെ റൂംമേറ്റ് സാകേത് ശ്രീനിവാസയ്യയെ ബെര്‍ക്ക്ലി കുന്നുകള്‍ക്ക് സമീപമുള്ള അന്‍സ തടാകത്തില്‍ (Lake Anza) മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു,’ എന്ന് അദ്ദേഹം കുറിച്ചു. സാകേതിന്റെ കുടുംബത്തെ അടിയന്തര വിസയില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിക്കാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്ത് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം പ്രയാസകരമാണെന്ന് ബനീത് ഓര്‍മ്മിപ്പിച്ചു. അവസാനത്തെ രണ്ടാഴ്ച വരെ സാകേതിന് മറ്റ് വിഷമങ്ങളോ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഭക്ഷണം കുറയ്ക്കുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും ചെയ്തിരുന്നു. ‘ചിപ്സും കുക്കീസും മാത്രമായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്,’ ബനീത് പറഞ്ഞു. ജനുവരി 21-ന് സാകേത് തന്നെ അന്‍സ തടാകത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും മടി കാരണം താന്‍ പോയില്ലെന്നും അദ്ദേഹം കുറിപ്പില്‍ ഓര്‍ത്തു.

സാകേതുമായുള്ള അവസാന സംഭാഷണം

സാകേതുമായുള്ള അവസാന കൂടിക്കാഴ്ചയും ബനീത് പങ്കുവെച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങിവന്ന സാകേത് ഒരു ചുവന്ന ബാത്ത്‌റോബ് (Bathrobe) ആയിരുന്നു ധരിച്ചിരുന്നത്. ‘എന്താണ് ക്ലാസ്സില്‍ പോകുമ്പോള്‍ ബാത്ത്‌റോബ് ധരിച്ചിരിക്കുന്നത്?’ എന്ന ചോദ്യത്തിന് സാകേത് നല്‍കിയ മറുപടി ഇതായിരുന്നു: ‘എനിക്കിപ്പോള്‍ ഒന്നിനോടും താല്പര്യമില്ല സുഹൃത്തേ. എനിക്ക് തണുക്കുന്നുണ്ട്, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതില്‍ എനിക്ക് ആശങ്കയുമില്ല. എനിക്ക് ഒന്നിനെക്കുറിച്ചും ഒരു വിചാരവുമില്ല.’

സാകേത് തമാശ പറയുകയാണെന്ന് കരുതി താന്‍ അന്ന് ചിരിച്ചതില്‍ ബനീത് ഖേദം പ്രകടിപ്പിച്ചു. ‘അദ്ദേഹം എപ്പോഴും ഇതുപോലെ ഓരോ തമാശകള്‍ കാണിക്കാറുള്ളതാണ്. എന്നാല്‍ അദ്ദേഹം അത് കാര്യമായിട്ടാണ് പറഞ്ഞതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ജീവിതത്തിന്റെ വിപരീതം മരണമല്ല, മറിച്ച് ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയാണ് (Indifference). ആ വിരക്തിയാണ് സ്വന്തം ജീവനെപ്പോലും കരുതാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്,’ ബനീത് കുറിച്ചു.

നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും അവരുടെ വിശേഷങ്ങള്‍ അന്വേഷിക്കാനും ഈ മരണം ഒരു ഓര്‍മ്മപ്പെടുത്തലാകണമെന്ന് ബനീത് പറഞ്ഞു. ‘ഒന്നിച്ചു ജീവിക്കുകയും ഭക്ഷണം കഴിക്കുകയും യാത്ര ചെയ്യുകയും ചിരിക്കുകയും ചെയ്ത സുഹൃത്തില്‍ നിന്ന് ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. ഇത് വലിയ വേദനയുണ്ടാക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും ദുഃഖം പങ്കിടാനുമായി താന്‍ കുറച്ചു കാലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ബനീത് അറിയിച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഈ വാര്‍ത്ത എക്‌സില്‍ (X) സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രാദേശിക അധികൃതരുമായി ഏകോപനം നടത്തുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.