ഒന്നര മാസത്തോളമായി ലോകത്തെ കളിയാരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കുയര്‍ത്തിയ കാല്‍പ്പന്ത മാമാങ്കത്തിന്റെ കലാശപ്പോരിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ മുഴുവന്‍ കാത്തിരിക്കുന്നത് ഒരു തീരുമാനത്തിനായാണ്, തിങ്കളാഴ്ച്ച സ്‌കൂള്‍ ഉണ്ടാവുമോ? ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്‌കൂളിന് കൂടി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.
|
ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനാണ് സ്‌കൂള്‍ മാനേജ്‌മെന്റ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. നേരത്തെ, മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നു. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സില്‍ ഇരിക്കുന്നത് ഒഴിവാക്കാനും പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതെ കുട്ടികള്‍ക്ക് കളികാണാന്‍ അവസരമൊരുക്കുന്നതിനുമാണ് അവധി നല്‍കുന്നതെന്നാണ് അധികൃതരുടെ വാദം.
അര്‍ധ രാത്രി കഴിഞ്ഞ് 12.30നാണ് മത്സരം ആരംഭിക്കുക. കൃത്യമായ സമയത്ത് അവസാനിച്ചാല്‍ തന്നെ 2.30 ആകും മത്സരം അവസാനിക്കാന്‍. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോള്‍ പുലര്‍ച്ചെ മൂന്നാകും. എന്നാല്‍ എക്‌സ്ട്രാ ടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാല്‍ പിന്നെയും വൈകും. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികള്‍ക്ക് അവധി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.
അതേസമയം, സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. അവധി നല്‍കണമോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അധ്യായന ദിവസങ്ങള്‍ കുറയുന്നത് പ്രയാസമാണ്. അതിന് പകരം ദിവസം നല്‍കേണ്ടിവരും. അക്കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
അവധി നല്‍കണമെന്ന് വി ശിവന്‍ കുട്ടി
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്‌കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ശിവന്‍ കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നല്‍കുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ശിവന്‍ കുട്ടി പറഞ്ഞു.
ലോകകപ്പ് ഫൈനൽ മത്സരം; വിജയാഘോഷങ്ങൾക്ക് നിയന്ത്രണം
ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ പറയുന്നു. ആഘോഷങ്ങളുടെ ഭാഗമായി അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത യാത്ര, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പൊതുജന സമാധാനം തകർക്കുന്ന മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് നിരോധനമേർപ്പെടുത്തിയത്.
ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ BNS/BNSS എന്നീ നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണം. മാതാപിതാക്കളും വാഹന ഉടമകളും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.
Will Kerala schools have holiday on Monday for World Cup?



