ഭോപ്പാല്‍: റോഡരികില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച ബിജെപി നേതാവ് പ്രവേശ് ശുക്ല അറസ്റ്റില്‍. മധ്യപ്രദേശിലെ സിധി ജില്ലയിലുള്ള ബി.ജെ.പി എം.എല്‍.എ കേദര്‍ നാഥ് ശുക്ലയുടെ അടുത്ത സഹായിയാണ് പ്രവേശ് ശുക്ല. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി/എസ്.ടി നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ ഭാര്യയെയും മാതാപിതാക്കളെയും അടക്കം ചോദ്യം ചെയ്തിരുന്നു.
|
തെരുവില്‍ ഇരിക്കുകയായിരുന്ന ഗോത്രവര്‍ഗക്കാരന്റെ തലയിലും മുഖത്തും സിഗരറ്റ് വലിച്ചുകൊണ്ട് മൂത്രമൊഴിക്കുകയായിരുന്നു ശുക്ല. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശുക്ലക്കെതിരേ നടപടിയാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കെ ഗോത്രവിഭാഗത്തിനെതിരായ ബിജെപി നേതാവിന്റെ ക്രൂരത പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്.





