|
കൊല്ലം: ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിലെ കുട്ടി നല്‍കി വിവരം അനുസരിച്ചാണ് യുവതിയുടെ രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥിനികള്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ രേഖാ ചിത്രവും തയാറാക്കും. പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും പോലീസ് പറയുന്നു.
അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പ്രതികളെപ്പറ്റി ചില അഭ്യൂഹങ്ങള്‍ ഉള്ളതല്ലാതെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഒരുദിവസം പിന്നിട്ടിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികളെല്ലാം കാണാമറയത്താണ്. പ്രതികള്‍ ആരാണ്, അവരുടെ ഉദ്ദേശ്യമെന്തായിരുന്നു, പണത്തിനുവേണ്ടിയാണോ കൃത്യം ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയവര്‍ ആരെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലെന്നത് വിചിത്രമാണ്.
കുട്ടിയെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകള്‍ക്കകം മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെയോ പ്രതികളെയോ കണ്ടെത്താനായില്ല. കൊല്ലം ആശ്രാമം മൈതനാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പറ്റി സൂചന പോലും പൊലീസ് നല്‍കുന്നില്ല.
പ്രതിയെന്നു സംശയിക്കുന്ന സ്ത്രീ കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലിങ്ക് റോഡില്‍നിന്ന് ഓട്ടോയില്‍ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇവരുടെ രേഖാചിത്രം തയാറാക്കാനുളള ശ്രമത്തിലാണു പൊലീസ്.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നല്‍കുന്ന സൂചന. യുവതി ഉള്‍പ്പെടെ 2 പേര്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. ക്വട്ടേഷന്‍ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.
തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്.നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ആണ് കുട്ടി ഉള്ളത്.





