തിരുവനന്തപുരം: സംസ്ഥാന പോലീസ് ഇന്റലിജന്‍സ് മേധാവിയായി എഡിജിപി പി വിജയനെ നിയോഗിച്ചു.(ADGP P Vijayan is new Intelligence head) തീവ്രവാദ കേസ് അട്ടിമറിച്ചെന്ന വ്യാജ ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥനാണ് പി വിജയന്.
|
യാതൊരു തെളിവുമില്ലാത്ത ആരോപണത്തില്‍ ഏറെ നാള്‍ സര്‍വ്വീസിന് പുറത്തു നില്‍ക്കേണ്ടി വന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസിലെത്തിയപ്പോള്‍ കേപ്പയുടെ ഡയറക്ടറാക്കിയിരുന്നു. അഗ്നിപരീക്ഷയ്ക്കു ശേഷമാണ് വിജയന്‍ പോലീസിലെ സുപ്രധാന ചുമതലയിലെത്തിയിരിക്കുന്നത്.
മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് വിജയന്റെ നിയമനം. നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി.വിജയന്‍. ഈ ഒഴിവില്‍ എ.അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.
ALSO READ: ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്| Emraan Hashmi injured
എലത്തൂര്‍ ട്രെയിന് തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ചായിരുന്നു പി വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി.
2023 മെയ് 18ന് സസ്‌പെന്‍ഷനിലായ വിജയന്‍ അഞ്ചുമാസമായി ചുമതലകളില്‍ നിന്നും മാറ്റനിര്‍ത്തപ്പെട്ടിരുന്നു. സസ്‌പെന്ഷന് അടിസ്ഥാനമായ കാരണങ്ങള് കളവാണെന്ന് ചൂണ്ടിക്കാണിച്ച് വിജയന് നേരത്തെ സര്ക്കാരിന് മറുപടി നല്കിയിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്.
ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതോടെയാണ് ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് പകരം ചുമതല നല്‍കുന്നത്. മനോജ് എബ്രഹാമിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും പുതിയ ഇന്റലിജന്‍സ് വിഭാഗം മേധാവിയെ നിയമിച്ചുകൊണ്ട് ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല.
നിയമസഭ നടക്കുന്നതിനാല്‍ പകരം ഉദ്യോഗസ്ഥന്‍ വരാത്തതിനാല്‍ ക്രമസമാധന ചുമതല മനോജ് എബ്രഹാം ഏറ്റെടുത്തിരുന്നില്ല. എഡിജിപിമാരായ എസ്. ശ്രീജിത് , പി.വിജയന്‍ , എച്ച്. വെങ്കിടേഷ് എന്നിവരെയായായിരുന്നു പുതിയ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. തുടര്‍ന്നാണിപ്പോള്‍ പി വിജയനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു പി വിജയന്‍. സംസ്ഥാനത്ത് 1999 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ പി വിജയന്‍ കോഴിക്കോട് സ്വദേശിയാണ്.
ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേരള മോഡലായ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമായിരുന്നു. ഇതിന് പുറമെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് പ്രശംസ പിടിച്ചുപറ്റിയരുന്നു





