എയർഇന്ത്യ-നേപാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേരെയെത്തി. അവസാനനിമിഷം പൈലറ്റുമാർ വിമാനങ്ങൾ വഴിതിരിച്ചുവിട്ടതോടെ വൻ അപകടം ഒഴിവായി. സംഭവത്തിൽ അശ്രദ്ധ വരുത്തിയ രണ്ട് എയർട്രാഫിക് കൺട്രോളർമാരെ നേപാൾ സിവിൽ ഏവിയേഷൻ അതോറിറ്റി സസ്പൻഡ് ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് അധികൃതർ വിവരം പുറത്തുവിട്ടത്.
|
ക്വാലാലംപൂറിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപാൾ എയർലൈൻസും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേ്ക്ക് വരികയായിരുന്ന എയർഇന്ത്യ വിമാനവുമാണ് കൂട്ടിയിടിയുടെ വക്കിലെത്തിയത്. 19000 അടി ഉയരത്തിൽ നിന്ന് എയർഇന്ത്യ വിമാനം താഴ്ത്താൻ ശ്രമിക്കവെ ഇതേ സ്ഥാനത്ത് 15300 അടി ഉയരെയായിരുന്നു നേപാൾ എയർലൈൻ വിമാനമുണ്ടായിരുന്നത്.
രണ്ട് വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിലേക്ക് എത്തുന്നത് റഡാറിൽ വ്യക്തമായതോടെ അധികൃതർ നേപാൾ എയർലൈൻസ് വിമാനത്തെ ഉടൻ 7000 അടിയിലേക്ക് താഴ്ത്തിപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ നേപാൾ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗസമിതിക്കു രൂപം നൽകിയിട്ടുണ്ട്. വീഴ്ച സംഭവിച്ചുവെന്നു സമ്മതിച്ച എയർ ഇന്ത്യ പൈലറ്റ് ക്ഷമാപണം നടത്തി.


