15
Aug 2025
Sat
15 Aug 2025 Sat
Tuwalu

കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ വിഴുങ്ങുമെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ദ്വീപ് രാജ്യമായ ടുവലുവിലെ ജനങ്ങള്‍ മുഴുവന്‍ അയല്‍രാജ്യത്തേക്ക് കടക്കുന്നു. ഉടമ്പടി പ്രകാരം അയല്‍ രാജ്യമായ ഓസ്‌ട്രേലിയയിലേക്ക് ഘട്ടം ഘട്ടമായി കുടിയേറുന്നതിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. ജൂലൈ 25 ന് 280 ടുവലുയന്‍ പൗരന്മാര്‍ ഓസ്‌ട്രേലിയയിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പസഫിക് സമുദ്രത്തിലെ ഓഷ്യാനിയയിലെ പോളിനേഷ്യന്‍ ഉപമേഖലയില്‍, ഹവായിക്കും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ടുവലു എന്ന രാജ്യത്തിലെ മുഴുവന്‍ ജനങ്ങളും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ആണ് കൂടിയേറ്റം പൂര്‍ത്തിയാക്കുക. ലോകത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച ആദ്യത്തെ കുടിയേറ്റം എന്ന സവിശേഷതയും ഇതിനുണ്ട്.

ഫലേപിലി ഉടമ്പടി

പസഫിക് ദ്വീപ് സമൂഹത്തിലെ സമുദ്രനിരപ്പില്‍ നിന്ന് വെറും രണ്ടു മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, ഒമ്പത് ചെറു ദീപുകള്‍ കൂടിച്ചേര്‍ന്ന ദ്വീപ് രാജ്യമാണ് ടുവലു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യം പൂര്‍ണ്ണമായും കടലിനടിയില്‍ ആകുമെന്നാണ് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്.

2023 നവംബര്‍ പത്തിന് ടുവലുവിന്റെ മുന്‍ പ്രധാനമന്ത്രി കൗസിയ നടാനോയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായ ആന്റണി അല്‍ബനീസും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ടുവലുവിന്റെ തലസ്ഥാനമായ ഫുനാഫുടിയില്‍ നടന്ന ചടങ്ങില്‍ ആണ് കൈമാറിയത്. ഫലേപിലി എന്നായിരുന്നു ഈ ഉടമ്പടിയുടെ പേര്. ടുവലു ഭാഷയില്‍ ‘ അടുത്തുള്ളവരുമായി സൗഹൃദം സ്ഥാപിക്കുക” എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

കരാര്‍ പ്രകാരം ഓരോ വര്‍ഷവും 280 ടുവലു പൗരന്മാര്‍ക്കാണ് വിസ ഉറപ്പുവരുത്തുന്നത്. ഇവര്‍ക്ക് താമസം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെല്ലാം ഓസ്‌ട്രേലിയ ഉറപ്പ് നല്‍കുന്നു.എന്നാല്‍ അവസ്ഥ കൂടുതല്‍ മോശമായി വരികയാണെങ്കില്‍ വിസ ലഭിക്കുന്നവരുടെ എണ്ണം കൂടിയേക്കാം. ഒപ്പുവെച്ചത് 2023 നവംബര്‍ 10ന് ആണെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നത് കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 28 നാണ്.

11,000 ജനങ്ങള്‍ മാത്രമാണ് ഈ രാജ്യത്ത് ഉള്ളത്. ആദ്യഘട്ട അപേക്ഷ സ്വീകരണം ഈ വര്‍ഷം ജൂണ്‍ 16 മുതല്‍ ജൂലൈ 18 വരെ നടന്നു. ജൂലൈ 25ന് 280 പേരെ തിരഞ്ഞെടുക്കുന്നതിനുള്ള നടക്കെടുപ്പ് നടന്നുവെന്നും ടുവലുവില്‍ സ്ഥിതിചെയ്യുന്ന ഹൈ കമ്മീഷന്‍ ഓഫീസ് വ്യക്തമാക്കി. ഏകദേശം 8750 അപേക്ഷകള്‍ ആണ് ഇതേവരെ ലഭിച്ചത്.

കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധി

നിലവില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ടുവലു.
ഇതിനോടകം തന്നെ രണ്ടു പവിഴ ദ്വീപുകള്‍ ( Coral attols) കൂടുതലും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കടല്‍ നിരപ്പില്‍ നിന്നും 15 സെന്റീമീറ്റര്‍ ഉയര്‍ന്നതായി നാസയുടെ സീ ലെവല്‍ ചേഞ്ച് ടീം വ്യക്തമാക്കിയിട്ടുണ്ട്.