15
Apr 2025
Sat
15 Apr 2025 Sat
Bilaval bhuto

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയില്‍ മുന്നറിയിപ്പുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ. (Bilaval bhuto response on Indus water treaty) സിന്ധു നദിയിലൂടെ ഒന്നുകില്‍ നമ്മുടെ വെള്ളം ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകുമെന്നും ബിലാവല്‍ ഭൂട്ടോ ഭീഷണി മുഴക്കി. സിന്ധു നദീതട സംസ്‌കാരത്തിന്റെ യഥാര്‍ഥ സംരക്ഷകന്‍ പാകിസ്താനാണെന്നും ബിലാവല്‍ അവകാശപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള 1960ലെ കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം’ -ബിലാവല്‍ ഭൂട്ടോ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിലാവല്‍ നടത്തിയത്. ‘അദ്ദേഹത്തിന്റെ (മോദി) ‘യുദ്ധക്കൊതി’യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്താനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണ് തങ്ങളെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാര്‍ഥ സംരക്ഷകര്‍. ഞങ്ങള്‍ അതിനെ സംരക്ഷിക്കും.’- ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി.

ALSO READ: പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒഎംഎ സലാമിന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നതിനെ എതിര്‍ത്ത് എന്‍ഐഎ; ആവശ്യം പഠിക്കാന്‍ നിര്‍ദേശിച്ച് കോടതി

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി പഞ്ചാബ് സര്‍ക്കാറിലെ മന്ത്രിയായ അസ്മ ബുഖാരിയും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ഏത് രീതിയിലുള്ള ആക്രമണവും പ്രതിരോധിക്കാന്‍ തയാറാണെന്നും. തെറ്റായ ആരോപണമുന്നയിച്ച് ഇന്ത്യ ആക്രമണം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പാക് മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ഞങ്ങള്‍ ചായ നല്‍കിയെന്നും എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്നും 2019ലെ പുല്‍വാമ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് ബുഖാരി പറഞ്ഞു. വല്ലപ്പോഴും വരുന്ന അതിഥികളെ സഹിക്കാവുന്നതാണ്. എന്നാല്‍, അതിഥികള്‍ ഇടയ്ക്കിടെ വന്നാല്‍, പാകിസ്താന്‍ സൈന്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സര്‍ക്കാരിനും അതിനനുസരിച്ച് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും ബുഖാരി വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തിരിച്ചടി നല്‍കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

1960 സെപ്റ്റംബര്‍ 19ന് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാക് പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് സിന്ധുനദീജല കരാര്‍ ഒപ്പുവെച്ചത്. ഇതിന് മുമ്പ് പലപ്പോഴും പാകിസ്താനുമായി യുദ്ധം നടന്ന വേളകളിലൊന്നും ഈ കരാര്‍ മരവിപ്പിച്ചിരുന്നില്ല.