കണ്ണൂർ: ബി.ജെ.പിയെ അനുകൂലിച്ച് സംസാരിച്ച തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെ കാണാൻ പോയത് തലയിൽ മുണ്ടിട്ടല്ലെന്നും ഇനിയും കാണാൻ പോകുമെന്നും ബി.ജെ.പി. ബിഷപ്പിനെ മാത്രമല്ല മുസ്ലീം, ഹൈന്ദവ മതനേതാക്കളെയും കാണാൻ പോകുമെന്നും ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് പഞ്ഞു.
|
സാധാരണമായി എല്ലാ മതമേലധ്യക്ഷൻമാരെയും ബിജെപി നേതാക്കൾ കാണാറുണ്ട്. അതിൽ പ്രത്യേക രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ല. വോട്ടിനായി ബിഷപ്പിനോട് അഭ്യർഥിച്ചിട്ടില്ല. റബ്ബറിന്റെയും നെല്ലിന്റേതുമുൾപ്പെടെയുള്ള എല്ലാ കാർഷിക വിളകളുടെയും വിലത്തകർച്ചയെ കുറിച്ചു ബിഷപ്പുമായി ചർച്ച ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെല്ലാം പോകാമെങ്കിൽ എന്തുകൊണ്ടു ബിജെപി നേതാക്കൾക്ക് വന്ദ്യ പിതാവിനെ കാണാൻ പോയിക്കൂടായെന്ന് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ന്യൂനപക്ഷങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കി വരികയാണ്. എല്ലാവരുടെയും നികുതിപ്പണം കൊണ്ടാണ് ഇതു ചെയ്യുന്നത്. ഇവിടുത്തെ മുസ്ലീമിനെയും ക്രൈസ്തവനെയും പാർസിയെയും ജൈനനേയുമെല്ലാം ചേർത്തുപിടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ കാര്യം ചർച്ച ചെയ്യുന്നതിനായാണ് ബിഷപ്പിനെ കണ്ടത്. ന്യൂനപക്ഷങ്ങൾക്കായി കേന്ദ്രാവിഷ്കൃത പദ്ധതിയെ കുറിച്ചു സെമിനാർ നടത്തുന്നുണ്ട്. ഇനിയും ഇതിനെ കുറിച്ചു സംസാരിക്കാനും പങ്കെടുപ്പിക്കുന്നതിനുമായി ന്യൂനപക്ഷ മതമേലധ്യക്ഷൻമാരെ കാണുമെന്നും എൻ ഹരിദാസ് പറഞ്ഞു.
ആറളം ഫാമിൽ ആദിവാസികളെ കാട്ടാനകൾ ചവിട്ടി കൊല്ലുമ്പോഴും ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും എൻ ഹരിദാസ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾ കേരളത്തിലും ബിജെപിക്ക് അനുകൂലമായി മാറി ചിന്തിക്കും. ത്രിപുരയിലും ഗോവയിലും മിസോറാമിലുമൊക്കെ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾ ബിജെപിക്ക് വോട്ടുചെയ്ത അനുഭവം നമ്മുടെ മുൻപിലുണ്ടെന്നും ഇതേ പോലെ കേരളം മാറി ചിന്തിക്കുമെന്നും ഹരിദാസൻ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





