26
Mar 2025
Mon
26 Mar 2025 Mon
kannur sdpi worker home bomb attack

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു. മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. (Bomb hurled at SDPI activist’s house in Kannur)  വീടിനും മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനും കേട് പറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നിരവധി കേസുകളിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോ (കോളശ്ശേരി ) എന്നിവര്‍ ബൈക്കിലെത്തിയാണ് സ്റ്റീല്‍ ബോംബെറിഞ്ഞതെന്നാണ് പരാതി. ബോംബെറിഞ്ഞ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

മുഴപ്പിലങ്ങാട് ശ്രീകൂര്‍മ്പ ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തിനിടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുന്‍വശത്തെ ചെറിയ വരാന്തയുടെ ടൈല്‍സ് തറയിലാണ് ബോംബ് പതിച്ചത്.

ALSO READ: നോമ്പ് തുറ സംഘടിപ്പിച്ചതിന് കോളേജിലേക്ക് ഇരച്ചുകയറി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സംഘാടകരായ കുട്ടികളെ പുറത്താക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമെന്ന് ഭീഷണി

വീട്ടിന്റെ ചുവരിനും ടൈല്‍സിനും കേട് പാട് പറ്റിയിട്ടുണ്ട്. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനും കേട് പറ്റി. ഈ സമയം വീട്ടുകാര്‍ ഉള്ളിലുണ്ടായിരുന്നു. ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരത്തിലാണ് അക്രമത്തിനിരയായ വീട് നില്‍ക്കുന്നത്.

ഉല്‍സവത്തിന്റെ വെടിക്കെട്ട് അവസാനിച്ചയുടനെയായിരുന്നു സംഭവം. നേരത്തെ പ്രജീഷ് എന്ന മുത്തു സിറാജിന് നേരെ വധ ഭീഷണി മുഴക്കുകയും കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്നു പറയുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്ന സ്ഥലത്ത് എടക്കാട് പൊലീസെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

സിപിഎം ഗൂഡാലോചനയെന്ന് എസ്ഡിപിഐ

മുഴപ്പിലങ്ങാട് മഠം പിലാച്ചേരിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവം സി.പി എമ്മിന്റെ ഗൂഡാലോചനയാണെന്ന് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിരവധി കേസിലെ പ്രതിയായ സി പി എം പ്രവര്‍ത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോ കൊളശ്ശേരി എന്നിവരാണ് ബൈക്കിലെത്തി സ്റ്റീല്‍ ബോംബെറിഞ്ഞത്.

നേരത്തെയും ഇവര്‍ സിറാജിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. സിറാജിന്റെ മകനെ കിണറ്റിലെറിഞ്ഞ് അപായപ്പെടുത്തുമെന്നും പ്രജീഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലൊക്കെ നല്‍കിയ പരാതിയിലൊന്നും പോലീസ് കാര്യക്ഷമായി ഇടപ്പെട്ടിരുന്നില്ലെന്നും എസ്ഡിപിഐ ആരോപിച്ചു.

പിലാച്ചേരിയിലെ തന്നെ അശ്രഫ് എന്നയാളെ കൈയേറ്റം ചെയ്യുകയും കട ആക്രമിച്ചതും പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു. ഈ സംഭവത്തിലും എടക്കാട് പോലീസ് നിഷ്‌ക്രിയത്വമായിരുന്നു. പ്രജീഷിന്റെ നേതൃത്വത്തില്‍ തുടരെ തുടരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് പുലര്‍ത്തിയ ഉദാസീനത കാരണമാണ് ഇപ്പോള്‍ നടന്ന ബോംബേറ്. വീടിന് ഗ്രില്‍സ് ഉണ്ടായത് കൊണ്ടാണ് അത്യാഹിതമൊന്നും സംഭവിക്കാതിരുന്നത്.

പ്രതികള്‍ക്ക് സ്റ്റീല്‍ ബോംബ് ലഭിച്ചത് തന്നെ സംഭവത്തില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. കൂടാതെ കൊളശ്ശേരിയിലെ ക്രിമിനലും ബോംബേറില്‍ പങ്കാളിയായതും സി.പി.എം പങ്ക് വ്യക്തമാക്കുന്നതാണ്.

കൂറുമ്പക്കാവ് ക്ഷേത്രോല്‍സവം നടക്കുന്ന ദിവസവും വെടിക്കെട്ട് നടക്കുന്ന സമയവും തന്നെ ബോംബറിഞ്ഞതിലും ഗൂഢാലോചനയും ആസൂത്രണവും വ്യക്തമാണ്.

പിലാച്ചേരി ഭാഗത്ത് എസ്.ഡി.പി.ഐക്ക് ജനസ്വാധീനം വര്‍ധിക്കുന്നതില്‍ വിറളി പൂണ്ട് ക്രിമിനലുകളെ ഉപയോഗപ്പെടുത്തി സിപിഎമ്മാണ് അക്രമം ആസൂത്രണം ചെയ്യുന്നത്. സാമൂഹിക വിരുദ്ധരെ കയറൂരി വിട്ട് നാട്ടില്‍ അശാന്തിയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സി പി എം ശ്രമം ജനംതിരിച്ചറിയണമെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.