പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യോഗത്തില്‍ പങ്കെടുത്തതോ അല്ലെങ്കില്‍ കരാട്ടേ പരിശീലനം നേടിയതോ ഭീകരപ്രവര്‍ത്തനമല്ലെന്ന് ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതി യുഎപിഎ കേസില്‍ യുവാവിന് ജാമ്യം അനുവദിച്ചത്. സയ്യദ് ഫൈസല്‍ സയ്യദ് ഖലീല്‍ എന്നയാള്‍ സമര്‍പ്പിച്ച ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ നിതിന്‍ ബി സൂര്യവന്‍ഷി, സന്ദിപ് കുമാര്‍ സി മോര്‍ എന്നിവര്‍ അംഗമായ ഡിവിഷന്‍ ബെഞ്ചാണ് സയ്യദ് ഫൈസലിന് ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിക്കപ്പെടുന്നതിനു മുമ്പാണ് യുവാവിനെതിരേ കേസെടുത്തതെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സയ്യദ് ഫൈസല്‍ യാതൊരുവിധ തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നു കോടതി വ്യക്തമാക്കിയത്.
|
2022ല്‍ ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് ചികല്‍തന ജുമാ മസ്ജിദിനു സമീപം മുസ് ലിം യുവാക്കള്‍ക്കായി കരാട്ടേ പരിശീലനം നടത്തിയെന്നും മുസ് ലിംകള്‍ രാജ്യത്ത് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാവുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹിന്ദു സംഘടനകള്‍ മുഖേന മുസ് ലിംകളെ ആക്രമിക്കുകയാണെന്നും പരിപാടിയില്‍ പങ്കെടുത്ത പോപുലര്‍ ഫ്രണ്ട് സെക്രട്ടറി പ്രസംഗിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.
ഔറംഗബാദിലെ സമോസ മൈതാനിയിലും സമാന പരിപാടി നടന്നുവെന്നും ഇവിടെ പിഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പങ്കെടുത്തുവെന്നും ഭീകരവിരുദ്ധ സേന എടുത്ത കേസില്‍ പറയുന്നു. കേസെടുത്തതിനു പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും 2023 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി മുമ്പാകെ ജാമ്യ ഹരജി നല്‍കിയത്.
2022 സപ്തംബര്‍ 21നാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പിറ്റേദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പോപുലര്‍ ഫ്രണ്ട് നിരോധിത സംഘടനയായിരുന്നില്ല. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ വിശ്വസനീയമാണെന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ തന്നെ പ്രതിക്കെതിരായ ചില യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെട്ടാല്‍ തന്നെ പരമാവധി ഏഴുവര്‍ഷമാണ് തടവ് ലഭിക്കുക. പ്രതി ഇപ്പോള്‍ തന്നെ രണ്ട് വര്‍ഷവും എട്ട് മാസവും തടവ് അനുവഭിച്ചു. കേസില്‍ വിചാരണയും ഉടനെയെങ്ങും തീരാന്‍ സാധ്യതയില്ല. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് പ്രതിക്ക് ജാമ്യം നല്‍കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ALSO READ: ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അന്തരിച്ചു





