29
Apr 2023
Sun
29 Apr 2023 Sun

കൊച്ചി: ഇന്ത്യയിൽ ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവർ യാതൊരുവിധത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് സിറോ മലബാർ സഭാ മേധാവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിജെപി അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് പ്രശ്നമാണെന്ന് ചിലർ പറയുന്നു. അതെന്തുകൊണ്ടാണെന്ന് അറിയില്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമായാൽ മുസ്ലികളെ ഇല്ലാതാക്കുമെന്ന് അവർ കരുതുന്നുണ്ടാവാം. മുസ്ലിം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റ് സമുദായങ്ങളെ അടിച്ചമർത്തുന്നത്‌കൊണ്ടാണ് അവർ അങ്ങിനെ ചിന്തിക്കാൻ കാരണമെന്നും ആലഞ്ചേരി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. ക്രിസ്ത്യൻ സമുദായത്തിന് മാത്രമല്ല എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും കോൺഗ്രസിനോട് നേരത്തെ ആഭിമുഖ്യം ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇല്ലാതായി. കോൺഗ്രസുമായുള്ള ക്രൈസ്തവരുടെ ബന്ധം വഷളായത് അവർ സ്വീകരിച്ച തെറ്റായ നയങ്ങൾ കൊണ്ടാണ്. ഒരു വിഭാഗം ഇടതുപക്ഷത്തോട് അടുത്തു. മറ്റൊരു പോംവഴി അതായിരുന്നു. എന്നാൽ ഇടതുപക്ഷ പാർട്ടികളും ചില സന്ദർഭങ്ങളിൽ അവരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. അതിനാൽ, ആളുകൾ മറ്റ് വഴികൾ തേടുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം. കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൽ ബിജെപി വിജയിച്ചിട്ടുമുണ്ടെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

വ്യക്തിയെന്ന നിലയിൽ മോദി ഒരു നല്ല നേതാവ് ആണ്. അത് വളർത്തിയെടുക്കാൻ മോദി പരിശ്രമിക്കുകയും അയാൾ അതിൽ വിജയിക്കുകയും ചെയ്തു. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം അത് വളർത്തിയെടുത്തു. അദ്ദേഹം ആരുമായും ഏറ്റുമുട്ടലുകൾക്ക് പോകാറില്ല. നേതൃത്വപരമായി പ്രാഗൽഭ്യം വളർത്തിയെടുത്തുകൊണ്ടാണ് വളരാൻ ശ്രമിക്കുന്നത്. അതിനാൽ ജനങ്ങൾക്ക് സർക്കാരിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. മറ്റ് ചില കുറവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അത് സ്വഭാവികമാണ്- ജോർജ് ആലഞ്ചേരി പറഞ്ഞു.

ലൗജിഹാദ്, കാസ വിഷയത്തിലും ആലഞ്ചേരി പ്രതികരിച്ചു. വിദ്വേഷം പ്രചാരണം നടത്തുന്നുവെന്ന് ആരോപണം നേരിടുന്ന കാസയെ കുറിച്ചുള്ള ചോദ്യത്തിന്, ഏതെങ്കിലും തീവ്രവാദികളുമായി എനിക്ക് ബന്ധമില്ലെന്നും മതസൗഹാർദം തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലൗജിഹാദ് ഉണ്ടോയെന്ന ചോദ്യത്തോട് അനുകൂലമായാണ് ആലഞ്ചേരി പ്രതികരിച്ചത്. ലൗജിഹാദ് എന്ന പദം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് മതംമാറ്റുന്ന രീതി ഉണ്ടെന്നും അതൊരു സത്യമാണെന്നും ആലഞ്ചേരി കൂട്ടിച്ചേർത്തു.

സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം കഴിഞ്ഞമാസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിമുഖം പുറത്തുവരുന്നത്.