30
Nov 2025
Wed
30 Nov 2025 Wed
Crime reporter and writer S Husain Seydi at SIBF 2025

ഷാര്‍ജ: കുറ്റാന്വേഷണ മാധ്യമ പ്രവര്‍ത്തനത്തില്‍ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപോര്‍ട്ടറുമായ എസ് ഹുസൈന്‍ സെയ്ദി പറഞ്ഞു. എത്ര സെന്‍സേഷണലായ വിവരങ്ങള്‍ ലഭിച്ചാലും അതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താതെ സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ അന്തര്‍ദേശിയ പുസ്തക മേളയില്‍ ‘ ഇന്‍സൈഡ് ദി അണ്ടര്‍ വേള്‍ഡ്: എസ് ഹുസൈന്‍ സെയ്ദി ഓണ്‍ ക്രൈം, കോണ്‍ ഫ്‌ലിക്റ്റ്, ആന്‍ഡ് ത്രില്ലേഴ്‌സ് എന്ന പേരില്‍ നടന്ന സെഷനില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഒരു വിവരം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ ലഭിക്കുന്നതെങ്കില്‍ അത്തരം വിവരങ്ങള്‍ ഒഴിവാക്കുക എന്നതാണ് തന്റെ രീതിയെന്ന് സെയ്ദി ചൂണ്ടിക്കാട്ടി. പോലീസ് എഫ് ഐ ആര്‍, കുറ്റപത്രം, കുറ്റസമ്മത മൊഴി, കോടതി രേഖകള്‍ തുടങ്ങിയ ആധികാരിക വസ്തുതകളെയാണ് താന്‍ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൈം റിപോര്‍ട്ടിങ്ങ് ഫിക്ഷനല്ല, നൂറ് ശതമാനം ആധികാരികമായ, സത്യസന്ധമായ അവതരണമാണ്. ക്രിമിനലുകളോട് തനിക്ക് അനുകമ്പയില്ലെന്ന് സെയ്ദി വിശദീകരിച്ചു.സിനിമയില്‍ കാണുന്നത് പോലെ കൊലപാതകം ചെയ്ത കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കുറ്റകൃത്യം ചെയ്ത സാഹചര്യം മുന്‍നിര്‍ത്തി അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാവില്ലെന്നും ഹുസൈന്‍ സെയ്ദി പറഞ്ഞു. എന്നാല്‍ ഇരകളുടെ വ്യക്തിജീവിതത്തോട് ആദരവ് പുലര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സത്യം കണ്ടെത്തുക എന്നതാണ് പരമമായ ലക്ഷ്യമെന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുള്ള ക്രൈം റിപ്പോര്‍ട്ടര്‍ എസ് ഹുസൈന്‍ സെയ്ദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വായനക്കാര്‍ക്ക് അദ്ദേഹം പുസ്തകം ഒപ്പുവെച്ച് നല്‍കി. പള്‍സ് 95 റേഡിയോ അവതാരകന്‍ ലൂയി ദന്‍ഹാം മോഡറേറ്ററായിരുന്നു.