
അരമണിക്കൂര്‍ കൊണ്ട് അബൂദബിയില്‍ നിന്ന് ദുബയില്‍ എത്താന്‍ സഹായിക്കുന്ന അതിവേഗ ഇലക്ട്രിക് ട്രെയിന്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ഇതിനു പുറമേ സാധാരണ യാത്രാ ട്രെയിനും സര്‍വീസിനുണ്ടാവും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് അതിവേഗ ട്രെയിന്റെ വേഗത.
![]() |
|
റീം ഐഡലന്‍ഡ്, സഅദിയാത്ത്, യാസ് ഐലന്‍ഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ജദ്ദാഫ് എന്നിങ്ങനെ ആറു സ്റ്റേഷനുകളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. അതിവേഗ ട്രെയിനും ഇതിന്റെ അനുബന്ധ സൗകര്യങ്ങളും ടെന്‍ഡറുകള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് പ്രൊജക്ട്‌സ് ഓഫിസര്‍ മുഹമ്മദ് അല്‍ ഷെഹി അറിയിച്ചു. വരുന്ന അഞ്ചുപതിറ്റാണ്ടിനുള്ളില്‍ അതിവേഗ ട്രെയിന്‍ യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് 145 ബില്യന്‍ ദിര്‍ഹം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
റഗുലര്‍ പാസഞ്ചര്‍ ട്രെയിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും. 400 യാത്രികര്‍ക്കു വരെ ട്രെയിനില്‍ സഞ്ചരിക്കാനാവും. ചരക്ക് തീവണ്ടി സഞ്ചരിക്കുന്ന പാതയിലൂടെ തന്നെയാണ് റഗുലര്‍ ട്രെയിനും സഞ്ചരിക്കുക. അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിങ്ങനെ നാലു സ്റ്റേഷനുകളെ ബന്ധിച്ചാണ് റഗുലര്‍ ട്രെയിന്‍ സഞ്ചരിക്കുക. അതേസമയം എന്നാണ് ഈ ട്രെയിനുകള്‍ പുറത്തിറക്കുകയെന്ന് ഇത്തിഹാദ് റെയില്‍ വ്യക്തമാക്കിയിട്ടില്ല.