28
Oct 2023
Sun
28 Oct 2023 Sun

വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാത്ത കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ അനാസ്ഥയ്‌ക്കെതിരേ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സംഘടന. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് സംഘടന എറണാകുളം റിന്യൂവല്‍ സെന്ററില്‍ ലോചനായോഗം ചേരുമെന്ന് സംഘടനാ പ്രസിഡന്റ് ആന്‍്ഡ്രൂസ് മാത്യു, ജനറല്‍ സെക്രട്ടറി ഡോ. ഹുസയ്ന്‍ കൂരിമണ്ണില്‍, ട്രഷറര്‍ അഡ്വ. സുരേഷ് പനയട എന്നിവര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

09.05.2023ല്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ മറ്റുസംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കുകയും വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയും ചെയ്യുമ്പോഴാണ് കേരളത്തില്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നത്. വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ഇതുവരെ ഒരു മറുപടി പോലും നല്‍കിയിട്ടില്ലെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

30.07.2020ലെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സര്‍ക്കുലര്‍ പ്രകാരം ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന കുട്ടികള്‍ പഠനകാലത്തില്‍ സ്വന്തം മെഡിക്കല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ വീണ്ടും ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതില്ല. അവര്‍ക്ക് പെര്‍മനന്റ് രജിസ്‌ട്രേഷന്‍ നല്‍കേണ്ടതാണ്. എന്നാല്‍ കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ഇത് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുന്നതിന് കാരണം പറയുകയോ ചെയ്യുന്നില്ലെന്നും സംഘടനാ പ്രതിനിധികള്‍ പറയുന്നു.
നീറ്റ് പിജിയുടെ പ്രവേശനത്തിന് മാര്‍ക്ക് 50 ശതമാനത്തില്‍ നിന്ന് പൂജ്യമായി കുറച്ചത് നിലവാരമില്ലാത്ത പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പണം നല്‍കി ഉന്നത ബിരുദം നേടാന്‍ കാരണമാകുമെന്നും ഇത് ഇന്ത്യയിലെ ആരോഗ്യമേഖലയുടെ അധപതനത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയ സംഘടന ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് നിശ്ചിത നിലവാരം ഉറപ്പുവരുത്തുന്നതിന് വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയ NExT പരീക്ഷ മാറ്റിവച്ചത് പണം വാങ്ങി കുട്ടികളെ വിജയിപ്പിക്കുന്ന യൂനിവേഴ്‌സിറ്റികളെ സഹായിക്കാനാണെന്നും സംഘടന ആരോപിച്ചു. സുതാര്യമായ NeXT പരീക്ഷ വിദേശ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവ് ബോധ്യപ്പെടുത്താനുള്ള അവസരമാണ്. എഴുതുന്നവരില്‍ 90 ശതമാനത്തെയും തോല്‍പ്പിക്കുന്ന വിദേശവിദ്യാര്‍ഥികള്‍ക്കിടുന്ന ആന്‍സര്‍ കീ പോലും ലഭ്യമാക്കാതെ രഹസ്യ പരീക്ഷയ്ക്ക് പകരം NeXT പരീക്ഷ എഴുതുന്നതിനുള്ള അവസരമാണ് ഇത് മാറ്റിവച്ചതിലൂടെ നഷ്ടമാക്കിയിരിക്കുന്നത്. NeXT പരീക്ഷ നടപ്പാക്കുന്നതുവരെ വിദേശത്ത് പഠിച്ചെത്തുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് അതുപോലെ സുതാര്യമായ പരീക്ഷ നടത്തണം.

ഇന്ത്യയില്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം പരിമിതമായതിനാലാണ് കുട്ടികള്‍ വിദേശത്ത് പോയി പഠിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി യോഗ്യതാ പരീക്ഷ എഴുതി പാസായ ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്താല്‍ ആണ് ഇവര്‍ക്ക് ഡോക്ടര്‍ ലൈസന്‍സ് കിട്ടുക. നിലവില്‍ ആകെ സീറ്റിന്റെ 7.5 ശതമാനമാണ് വിദേശത്ത് പഠിച്ചെത്തുന്നവര്‍ക്കായി നീക്കി വച്ചിരിക്കുന്നത്. ഇത് 20 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.