20
Jan 2025
Thu
20 Jan 2025 Thu
Gaza ceasefire

ദോഹ: പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്ത്രീകളെയുമുള്‍പ്പെടെ കൊന്നൊടുക്കിയ ഇസ്രായേല്‍ ക്രൂരതകള്‍ക്കൊടുവില്‍ ഗസ സമാധാനത്തിലേക്ക്. (Gaza ceasefire : Gaza finally at peace; ceasefire to begin Sunday) ഒന്നര വര്‍ഷത്തോളം നീണ്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തില്‍ കരാറിന് ധാരണയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്‍കുന്ന സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി പ്രഖ്യാപിച്ചു. ജനുവരി 19 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെയും ഖത്തറിന്റെയും സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയത്.

42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും അഭയാര്‍ഥികളായ ഫലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.

ALSO READ: സമാധിക്കല്ലറ തുറക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് ഗോപന്‍ സ്വാമിയുടെ കുടംബത്തോട് ഹൈക്കോടതി

ഗസ പുനര്‍നിര്‍മാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. സമ്പൂര്‍ണ വെടിനിര്‍ത്തലും സൈനിക പിന്‍മാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.

ബന്ദിമോചനവും വെടിനര്‍ത്തലും സാധ്യമാക്കുന്ന കാരറിലെത്തിയതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. കരാറിന് സംഘടന അംഗീകാരം നല്‍കിയതായി ഹമാസ് വക്താവ് അറിയിച്ചു. തുടര്‍നടപടികളുടെ ഭാഗമായി ഇസ്രായേല്‍ മന്ത്രിസഭ യോഗം ചേരുന്നുണ്ട്.

ആറാഴ്ച നീളുന്ന ആദ്യ ഘട്ട വെടിനിര്‍ത്തലാണ് ഉടനുണ്ടാകുക. ഗസ്സയില്‍ നിന്ന് ഘട്ടംഘട്ടമായി സൈനിക പിന്‍മാറ്റവും ബന്ദികളുടെ കൈമാറ്റവും ഫലസ്തീനി തടവുകാരുടെ മോചനവും ഇതിന്റെ ഭാഗമായി നടപ്പാകും. മൂന്ന് ഘട്ടങ്ങളിലായാകും വെടിനിര്‍ത്തല്‍.

ഒന്നാം ഘട്ടം(42 ദിവസം)

വനിതാ സിവിലിയന്‍മാര്‍, വനിതാ സൈനികര്‍, കുട്ടികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടെ 33 ബന്ദികളെ ഹമാസ് വിട്ടയക്കും.

വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം മൂന്ന് ബന്ദികളെയും ഏഴാം ദിവസം നാല് ബന്ദികളെയുമാണ് മോചിപ്പിക്കുക. ബാക്കിയുള്ളവരെ തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ വിട്ടയക്കും

ഓരോ വനിതാ സൈനികയ്ക്കും പകരം 50ഉം മറ്റ് പൗരന്മാര്‍ക്ക് പകരം 30ഉം ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.

ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ജനവാസ മേഖലകളില്‍ നിന്ന് ഗസയുടെ അതിര്‍ത്തിപ്രദേശത്തേക്ക് സൈന്യം പിന്മാറും

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ വീടുകളിലേക്കു മടങ്ങും. കൂടുതല്‍ സഹായം ഗസയിലേക്ക് പ്രവേശിക്കും

രണ്ടാം ഘട്ടം(42 ദിവസം)
സുസ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം

സൈനികരും സിലിയന്മാരും ഉള്‍പ്പെടെ ബാക്കിയുള്ള പുരുഷ ബന്ദികളെ ഹമാസ് വിട്ടയക്കും. പകരം തടവിലുള്ള പ്രമുഖ ഫലസ്തീന്‍കാരെ വിട്ടയക്കും. ഇവരുടെ പട്ടികയ്ക്ക് അന്തിമ രൂപമായിട്ടില്ല.

ഗസയില്‍ നിന്ന ഇസ്രായേല്‍ സൈന്യം പൂര്‍ണമായും പിന്മാറും.

മൂന്നാം ഘട്ടം
കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹങ്ങള്‍ക്കു പകരമായി കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ കൈമാറും.

ഗസയില്‍ പുനര്‍നിര്‍മാണ പ്രക്രിയ നടപ്പാക്കും

ഗസയില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള അതിര്‍ത്തികള്‍ തുറക്കും

ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവര്‍, രോഗികള്‍ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികള്‍ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാള്‍ നാലു പേരും 14ാം ദിനത്തില്‍ മൂന്നു പേരും പുറത്തെത്തും. 28, 35 ദിവസങ്ങളില്‍ മൂന്നു പേര്‍ വീതം മോചിതരാകും.

കരാര്‍ പ്രകാരം അവശേഷിച്ചവര്‍ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേല്‍ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ വെടിനിര്‍ത്തലിന്റെ 16ാം നാള്‍ ആരംഭിക്കും.

രണ്ടാം ഘട്ടത്തില്‍ പട്ടാളക്കാര്‍, റിസര്‍വ് സേനാംഗങ്ങള്‍ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീന്‍ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതില്‍ 190 പേര്‍ 15 വര്‍ഷമോ അതിലേറെയോ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തില്‍ വടക്കന്‍ ഗസയിലേക്ക് മടക്കവും അനുവദിക്കും.

ഗസയുടെ പുനര്‍നിര്‍മാണമാണ് മൂന്നാം ഘട്ടത്തില്‍ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേല്‍ സേന ഗസാ അതിര്‍ത്തിയില്‍ തുടരും. 2023 ഒക്ടോബറില്‍ ഹമാസ് ആക്രമണത്തില്‍ 251 ബന്ദികളെ പിടികൂടിയതില്‍ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരില്‍ 60 ഓളം പേര്‍ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും.