16
Oct 2025
Mon
16 Oct 2025 Mon
gaza security

ഗസയില്‍ കൊള്ളയും കൊലപാതകവും നടത്തുന്നതിന് ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തെ നിയന്ത്രണത്തിലാക്കി ഗസാ സുരക്ഷാ സേന. പ്രമുഖ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ജഫറാവിയുടെ കൊലപാതകത്തിന് പിന്നാലെ നടത്തിയ വ്യാപക റെയ്ഡില്‍ സംഘത്തിലെ നിരവധി പേരെ കൊലപ്പെടുത്തുകയും 60 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച്ചയാണ് ഗസയിലെ ഏറ്റവും ശ്രദ്ധേയരായ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ സാലിഹ് അല്‍ജഫറാവി കൊല്ലപ്പെട്ടത്. തെക്കന്‍ ഗസ സിറ്റിയിലെ അല്‍-സബ്ര പരിസരത്ത് വെച്ചാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തത്.

ഇസ്രായേല്‍ അധിനിവേശവുമായി ബന്ധമുള്ള ഒരു സായുധ സംഘത്തിലെ അംഗങ്ങളുടെ വെടിയേറ്റാണ് 28 വയസ്സുകാരനായ ഈ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: ബന്ദികളെ ഇന്ന് കൈമാറും; ഗസയിലും ഇസ്രായേലിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തോക്കുധാരികള്‍ വളഞ്ഞശേഷം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അദ്ദേഹം കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇസ്രായേലി സേന ഗസാ സിറ്റിയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം സബ്രയിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെ, ഇസ്രായേല്‍ പിന്തുണയുള്ള ഗുണ്ടാ സംഘം അല്‍ജഫറാവിയെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഖുദ്‌സ് ന്യൂസ് നെറ്റ്വര്‍ക്കും അല്‍-അറബി അല്‍-ജദീദും സ്ഥിരീകരിച്ചു.

പൂര്‍ണ നിയന്ത്രണത്തില്‍
ഗസാ സുരക്ഷാ സേനയും ഇസ്രായേലി ഒറ്റു സംഘവും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായതായാണ് റിപോര്‍ട്ട്. ഈ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഘത്തെ വളഞ്ഞ ഗസാ സുരക്ഷാ സേന പ്രദേശം പൂര്‍ണ നിയന്ത്രണത്തിലാക്കി.

ഗുണ്ടാ സംഘത്തിലെ 60 പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുന്നതിനായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഗാസ സിറ്റിയിലേക്ക് മടങ്ങിയെത്തിയ ഫലസ്തീന്‍ അഭയാര്‍ത്ഥികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേലുമായി സഹകരിച്ചെന്നും ആരോപിക്കപ്പെട്ട നിരവധി പേര്‍ ഈ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തിലെ നാശനഷ്ടങ്ങളും മനുഷ്യന്റെ ദുരിതങ്ങളും സ്വന്തം ക്യാമറയിലൂടെയും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും രേഖപ്പെടുത്തിക്കൊണ്ട് ശ്രദ്ധേയനായ ഫലസ്തീന്‍ പത്രപ്രവര്‍ത്തകനായിരുന്നു സാലിഹ് അല്‍ജഫറാവി. ഈ ആഴ്ചയുടെ തുടക്കത്തില്‍ അദ്ദേഹം വെടിനിര്‍ത്തല്‍ കരാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഇത് വര്‍ഷങ്ങളുടെ ദുരിതത്തിനിടയിലെ ഒരു അപൂര്‍വ സന്തോഷ നിമിഷത്തിന്റെ പ്രതീകമായി.

ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളും ഉപരോധവും റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍, മറ്റ് ഫലസ്തീന്‍ പത്രപ്രവര്‍ത്തകരെ ചെയ്തതുപോലെ, അദ്ദേഹത്തെയും ഇസ്രായേലി അധികൃതര്‍ ‘റെഡ് നോട്ടീസ്’ പട്ടികയില്‍ പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട റിപ്പോര്‍ട്ടര്‍ അനസ് അല്‍-ഷരീഫ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഈ പട്ടികയിലുണ്ടായിരുന്നു.