കോഴിക്കോട്: സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് രണ്ടാംക്ലാസുകാരന് വീടൊരുക്കിക്കൊടുത്തൊരു മുഖ്യമന്ത്രിയാണ്കോഴിക്കോടിന്റെ ഓര്‍മയില്‍ പച്ച പിടിച്ചു നില്ക്കുന്ന ഉമ്മന്‍ ചാണ്ടി. 2016 മാര്‍ച്ചില്‍ കോഴിക്കോട് നടക്കാവ് ടി.ടി ഐ എല്‍.പി.സ്‌കൂളില്‍ ഉമ്മന്‍ ചാണ്ടിയുടെ പരിപാടി നടക്കുകയാണ്. വാദ്യ ഘോഷങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കുട്ടി നീട്ടി വിളിച്ചു ‘ ഉമ്മന്‍ചാണ്ടി…..’ സംഘാടകരും സ്‌കൂളധികൃതരുമെല്ലാം ഞെട്ടലോടെയാണ് ആ വിളി കേട്ടതെന്ന് അവിടുത്തെ അധ്യാപകന്‍ ബാബു തത്തക്കാടന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
|
ഒരു മുഖ്യമന്ത്രിയെ അതും ഒരു കുട്ടി പേരെടുത്ത് വിളിച്ചിരിക്കുന്നു. കൊടിയ അപരാധം. പക്ഷെ സ്റ്റേജിലേക്ക് കയറിയ ഉമ്മന്‍ ചാണ്ടി ആദ്യം അന്വേഷിച്ചത് ആ കുട്ടിയെയായിരുന്നു. അവളുടെ പേര് ശിവാനി. രണ്ടാംക്ലാസില്‍ പഠിക്കുന്നു. വിറച്ചു വിറച്ച് സ്റ്റേജിലെത്തിയ കുട്ടിയെ ഉമ്മന്‍ചാണ്ടി ചേര്‍ത്തു പിടിച്ചു. ‘ എന്തിനാണ് എന്നെ വിളിച്ചത്..? ഉമ്മന്‍ചാണ്ടിയുടെ ചോദ്യത്തിനുമുമ്പില്‍ ആദ്യം ഒന്നും പകച്ചുപോയെങ്കിലും അവള്‍ ധൈര്യത്തോടെ കാര്യം പറഞ്ഞു ‘ മുഖ്യമന്ത്രി, എന്റെ ക്ലാസിലെ അമല്‍കൃഷ്ണയ്ക്ക് വീടില്ല, അവന്റെ അച്ഛനും അമ്മയ്ക്കും അസുഖമാ, ഒരു വീടുണ്ടാക്കിത്തരണം…’ അവളെ അഭിനന്ദിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സ്റ്റേജിലിരുത്തി. തുടര്‍ന്ന് തന്റെ പ്രസംഗത്തില്‍ തന്നെ അദ്ദേഹം പ്രഖ്യാപനവും നടത്തി ‘ ശിവാനിയുടെ ആഗ്രഹം നടക്കട്ടെ വീടുനിര്‍മാണത്തിനായി മൂന്നുലക്ഷം സര്‍ക്കാര്‍ തരാം…’ നിറഞ്ഞ കൈയടിയാണ് ആ വാഗ്ദാനത്തിന് ലഭിച്ചത്.
ഡി.സി.സി സെക്രട്ടറി രമേശ് നമ്പിയത്തിനെ ചുമതലയും ഏല്പിച്ചു. പക്ഷെ ക്ലൈമാക്സ് അവിടെയല്ല. സ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരുമെല്ലാം ചേര്‍ന്ന് അമല്‍കൃഷ്ണയുടെ വീട് നിര്‍മാണം തുടങ്ങി. ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പണം മാത്രം കിട്ടിയില്ല ! അന്നത്തെ പരിപാടി കഴിഞ്ഞ് മൂന്നാം ദിവസം ഇലക്ഷന്‍ പ്രഖ്യാപിച്ചു. പിന്നെ പുതിയ സര്‍ക്കാര്‍. പണം നല്‍കാന്‍ നിര്‍വാഹമില്ല. എന്നാല്‍ കൊടുത്തവാക്ക് തിരിച്ചെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. സ്വന്തം കൈയ്യില്‍ നിന്ന് മൂന്നു ലക്ഷമെടുത്ത് കണ്‍വീനര്‍ക്ക് നല്കി. പണം തരുമ്പോള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുത്. ഇത്രമാത്രം കരുതലുള്ള ഒരാളെ അതിനുമുമ്പും പിന്നീടും കണ്ടിട്ടില്ലെന്നും ബാബു മാഷ് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയെന്ന വലിയ മനുഷ്യന്റെ ആഴവു പരപ്പും ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ് ഈ കഥയിലൂടെ.





