ഗസാ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് 31ന് തയ്യാറാക്കിയ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്ക് ഹമാസ് ഔദ്യോഗികമായി മറുപടി നല്‍കി. (Hamas delivers official response to Gaza ceasefire proposal )മധ്യസ്ഥരായ ഖത്തറും ഈജിപ്തും വഴി നല്‍കിയ ഹമാസിന്റെ മറുപടി ലഭിച്ചതായി വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയും അറിയിച്ചു. ഹമാസിന്റെ മറുപടി അമേരിക്ക പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
ഫലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് തങ്ങള്‍ നല്‍കിയ മറുപടിയെന്നും സമ്പൂര്‍ണമായ വെടിനിര്‍ത്തലിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹമാസും ഇസ്ലാമിക് ജിഹാദും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായ പോസിറ്റീവായ ഏതൊരു നീക്കത്തിനും തങ്ങളുടെ പിന്തുണയുണ്ടാവും.
ശാശ്വത വെടനിര്‍ത്തലിനും ഗസയില്‍ നിന്നുള്ള ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റത്തിനും പുതിയ സമയക്രമം നിശ്ചയിക്കുന്നതാണ് ഹമാസിന്റെ മറുപടിയെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിനും ബന്ധികളെ കൈമാറുന്നതിനുമുള്ള അമേരിക്കന്‍ പ്രമേയത്തെ പിന്തുണച്ച് കൊണ്ട് യുഎന്‍ രക്ഷാസമിതിയില്‍ കഴിഞ്ഞ ദിവസം വോട്ടിങ് നടന്നിരുന്നു. റഷ്യ വിട്ടുനിന്ന വോട്ടിങ് പൂജ്യത്തിനെതിരേ 14 വോട്ടുകള്‍ക്കാണ് പാസായത്.
അതേസമയം, അമേരിക്കന്‍ നിര്‍ദേശത്തോട് ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ ശേഷി പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇതുവരെയുള്ള നിലപാട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും റഫയില്‍ ഇസ്രായേല്‍ ബോംബിങ് തുടരുകയാണ്. ഒക്ടോബര്‍ 7ന് ശേഷമുള്ള ഇസ്രായേല്‍ അതിക്രമത്തില്‍ ഇതുവരെയായി 37,702 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 89,712 പേര്‍ക്ക് പരിക്കേറ്റു. 1,139 ഇസ്രായേലികളാണ് ഇതിനകം കൊല്ലപ്പെട്ടത്. 8,730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


