തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ആവേശത്തിനിടെ നഗരത്തില്‍ ശക്തമായ മഴ. പുലര്‍ച്ചെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. (Heavy rains in Thrissur; warning in various districts) ശക്തമായ കാറ്റിനും ഇടി മിന്നലോടും കൂടിയ മഴ പൂരാവേശത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍.
|
ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ടോടെ നഗരം പൂരത്തിരക്കിലേക്ക് കടന്നുകഴിഞ്ഞു. ഇന്ന് 11 മണിയോടെ തെക്കേഗോപുര നട തുറന്ന് നെയ്തല കാവിലമ്മ പൂര വിളംബരം നടത്തുന്നതോടെ ചടങ്ങുകള്‍ക്കും തുടക്കമാകും.
പുരം ദിനത്തില്‍ മുന്‍കാലങ്ങളില്‍ മഴ പെയ്യാറുണ്ടെങ്കിലും മഴ മാറാതെ നില്‍ക്കുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വെടിക്കെട്ടിനായി തീര്‍ത്ത കുഴികള്‍ പ്ലാസ്റ്റിക്ക് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. കുഴികളില്‍ വെള്ളം നിറയുന്നത് വെടിക്കെട്ടിന് ബുദ്ധിമുട്ടുണ്ടാക്കും. ശക്തമായ കാറ്റ് സ്വരാജ് റൗണ്ടില്‍ ഉയര്‍ത്തിയിരിക്കുന്ന നിലപ്പന്തലുകള്‍ക്കും ഭീഷണിയാണ്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ മുതല്‍ മഴയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മെയ് ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മെയ് എട്ടിന് പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതോടൊപ്പം കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൂട് 39 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രിയില്‍ എത്താനും സാധ്യതയുണ്ട്.
അതേസമയം, നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂര്‍-കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെ & കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ) തീരങ്ങളില്‍ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
വേനല്‍ മഴ 37 ശതമാനം കൂടുതല്‍
സംസ്ഥാനത്ത് തകര്‍ത്ത് പെയ്ത് വേനല്‍മഴ. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 140 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 192 മില്ലീമീറ്റര്‍. 37 ശതമാനം അധികമഴയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷത്തിനിടയില്‍ മെച്ചപ്പെട്ട മഴ ലഭിച്ച രണ്ടാമത്തെ വേനല്‍ക്കാലമാണിത്. 2022-ല്‍ ലഭിച്ച 243 മിമീ ആണ് ഒന്നാമത്.





