16
Aug 2024
Sun
16 Aug 2024 Sun
hezbollah rocket attack

തെല്‍ അവീവ്: ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നു.(Hezbollah rocket attack to 11 israeli military base)  ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇന്ന് പുലര്‍ച്ചെ 321 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുല്ല അറിയിച്ചു. ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ കമാന്‍ഡര്‍ ഫുആദ് ശുക്‌റിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഹിസ്ബുല്ല നല്‍കുന്നത്. ഹിസ്ബുല്ലയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം ഇന്ന് പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുല്ല അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവിട്ടു. മെറോണ്‍ ബേസ്, നവേവ് സിവ് പോസ്റ്റ്, സാത്തൂന്‍ ബേസ്, സൗറ പോസ്റ്റ്, അല്‍ സാഹി ബേസ്, സിറിയന്‍ ഗോലാനിലെ കെയ്‌ല ബാരക്ക്, നഫാ ബേസ്, യാര്‍ദന്‍ ബേസ്, എയ്ന്‍ സെയ്തിം ബേസ് എന്നീ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റോക്കറ്റ് വര്‍ഷം.

ALSO READ: എന്നെ പരിക്കേല്‍പ്പിച്ചത് ഹമാസ് അല്ല; ഇസ്രായേല്‍ സൈന്യം: മാധ്യമപ്രചാരണം പൊളിച്ച് മോചിപ്പിക്കപ്പെട്ട ഇസ്രായേലി യുവതി

അതേസമയം ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു. പ്രതിരോധ സേനയുമായി സുരക്ഷാസാഹചര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് ബെന്‍ ഗുറിയോണ്‍ വിമാനത്താവളം മണിക്കൂറുകളോളം അടച്ചിട്ടു. നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

അതേസമയം, ഹിസ്ബുല്ലയുടെ നിരവധി റോക്കറ്റാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. രാവിലെ 5 മണിയോടെയാണ് മധ്യ ഇസ്രായേലിലേക്ക് ഹിസ്ബുല്ല റോക്കറ്റ് വര്‍ഷമുണ്ടായത്. അത് മുന്‍കൂട്ടി കണ്ട് അര മണിക്കൂര്‍ മുമ്പ്ഹിസ്ബുല്ലയുടെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യം ഹിസ്ബുല്ല നിഷേധിച്ചു.

പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യു.എസ് അറിയിച്ചു. ഇസ്രായേലുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സെന്‍ സാവേത് പറഞ്ഞു.