അബൂദബി: പ്രാദേശിക കറൻസികൾ ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾ നടത്തുന്നതിന് യുഎഇയും ഇന്ത്യയും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനവേളയിലാണ് ഇതുസംബന്ധിച്ച കരാറിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മ്ദ ബലാമയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും കരാറൊപ്പിട്ടത്.
|
ധനവിനിമയ, സന്ദേശ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഇതോടൊപ്പം ധാരണയായി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിധ്യത്തിലായിരുന്നു ഇരു ധാരണാപത്രങ്ങളും ഒപ്പുവയ്ക്കപ്പെട്ടത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഇരുരാഷ്ട്രങ്ങളിലും നിക്ഷേപം നടത്തുന്നതിനും യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതിനും തീരുമാനം ഏറെ ഗുണം ചെയ്യും. ഇന്ത്യയുടെ യുനിഫൈഡ് പേമെന്റ്സ് ഇന്റർഫേസും യുഎഇയുടെ ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമും ആണ് ബന്ധിപ്പിക്കുന്നത്. ഇതിലൂടെ ഇരുരാജ്യങ്ങളിലും ഉള്ളവർക്ക് അനായാസം ധനവിനിമയം സാധ്യമാകും.





