പോലീസ് സേനയ്ക്ക് മൊത്തം നാണക്കേടായ വനിതാ എസ്‌ഐമാരുടെ പരാതിയില്‍ അന്വേണം. ഐപിഎസ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയച്ചുവെന്ന പാരിതി പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫ് അന്വേഷിക്കും. ഡിജിപിയുടേതാണ് ഉത്തരവ്.
|
വനിതാ എസ്‌ഐമാരുടെ പരാതിയില്‍ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ ശുപാര്‍ശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാര്‍ശ ചെയ്തത്. പൊലീസ് ആസ്ഥാനത്ത് വുമണ്‍ കംപ്ലൈന്റ് സെല്‍ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്പി മെറിന്‍ ജോസഫ്.
രണ്ട് വനിതാ എസ്‌ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്ന് പരാതിപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് നല്‍കിയ പരാതിയില്‍ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് പരാതിക്കാരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയും മൊഴി നല്‍കുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാന്‍ അജിതാ ബീഗം ശുപാര്‍ശ ചെയ്തത്.
ALSO READ: രാഹുലിന്റെ എംഎല്‍എ പദവിയും തെറിക്കും; കെപിസിസി ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചു; ലീഗും കൈവിട്ടു
ഗൂഡാലോചനയെന്ന് എസ്പി വിനോദ് കുമാര്‍
സംസ്ഥാന പൊലീസ് സേനയ്ക്ക് അപമാനമായി മാറിയ പരാതിയില്‍ വനിതാ എസ്‌ഐമാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്പി വി ജി വിനോദ് കുമാര്‍. വനിതാ എസ്‌ഐമാര്‍ക്ക് താന്‍ മോശമായ തരത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചതെന്നും ഇദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
പോഷ് ആക്ടിന്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം. എസ്‌ഐമാര്‍ക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. മുന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാര്‍.


