04
Jun 2026
Thu
04 Jun 2026 Thu
KUWAIT AIRPORT ATTACK

ടെല്‍ അവീവ്: അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍. അമേരിക്കയുടെ കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്രമിച്ചു. ഹോര്‍മുസിലെ പടക്കപ്പലും ആക്രമിച്ചു. അമേരിക്ക തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ പറഞ്ഞു. കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളത്തിലെ ആക്രമണം അമേരിക്കയുടെ പാട്രിയറ്റ് സിസ്റ്റം ലക്ഷ്യം തെറ്റി പതിച്ചതാണ് എന്നാണ് ഇറാന്റെ വാദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനുമായുളള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം 215 വോട്ടുകളോടെയാണ് പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കന്‍ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ലെബനനും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. ജൂണ്‍ 22-നുളളില്‍ വീണ്ടും യോഗം ചേരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈറ്റിനും ബഹ്റൈനും നേരെയുള്ള രാജ്യത്തിന്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണം എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചത്. സിവിലിയന്‍ ഷിപ്പിംഗിനെ ആക്രമിക്കാനും വെടിനിര്‍ത്തല്‍ ലംഘിക്കാനും യുഎസ് സേന ഉപയോഗിക്കുന്ന സ്ഥലങ്ങളെ ഇറാനിയന്‍ സൈന്യം ലക്ഷ്യമിട്ടതായാണ് അരഗ്ചി എക്സില്‍ കുറിച്ചത്.

ALSO READ: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്തിയേക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കുവൈറ്റ് വിമാനത്താവളത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളില്‍ നിന്ന് ഇറാനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ തിരിച്ചടി ആക്രമണം നടത്തിയത്.

ഇറാനും അമേരിക്കയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചത്. വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Iran war live: Ceasefire tested by US-Iran clashes