Israel kills 11 Palestinian family members in Gaza ഗസാ സിറ്റിക്ക് കിഴക്ക് സിവിലിയന്‍ വാഹനം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇസ്രായേല്‍ ആക്രമണമാണിതെന്ന് മെഡിക്കല്‍ വൃത്തങ്ങളും ദൃക്സാക്ഷികളും വ്യക്തമാക്കി.
|
ഗസാ സിറ്റിക്ക് കിഴക്ക് സെയ്തൂന്‍ ഡിസ്ട്രിക്ടിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബൂശഅബാന്‍ കുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഗസ സിവില്‍ ഡിഫന്‍സ് അതോറിറ്റി വക്താവ് മഹ്‌മൂദ് ബസല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ആക്രമണം നടന്ന പ്രദേശത്തെ അപകടകരമായ സാഹചര്യങ്ങള്‍ കാരണം മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതായി മഹ്‌മൂദ് ബസല്‍ പറഞ്ഞു.
ALSO READ: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ അറസ്റ്റില്‍; പിന്നാലെ പാര്‍ട്ടി പുറത്താക്കി
സിവിലിയന്മാര്‍ക്ക് വിലക്കുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന, മഞ്ഞ രേഖയ്ക്ക് അപ്പുറത്തുള്ള പ്രദേശത്ത് കടന്ന വാഹനത്തില്‍ ഇസ്രായേലി പീരങ്കി ഷെല്‍ പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞ വര കടക്കുന്നത് അതിര്‍ത്തി ലംഘനമായി കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്രായേല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സാധാരണക്കാര്‍ക്ക് ഈ മഞ്ഞ വരയെക്കുറിച്ച് ധാരണയില്ല. നേരത്തേ തങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത് വല്ലതും അവശേഷിക്കുന്നുണ്ടോ എന്നറിയാനായി എത്തുന്നവരാണ് അവരില്‍ പലരും. ഇവരെ മുന്നറിയിപ്പ് നല്‍കി തിരിച്ചയക്കാമെന്നിരിക്കേ സൈന്യം യാതൊരു ദയയുമില്ലാതെ വെടിയുതിര്‍ക്കുകയാണെന്നാണ് ആരോപണം. മഞ്ഞവരയ്ക്കുള്ളില്‍ ഗസയിലെ 50 ശതമാനത്തിലേറെ പ്രദേശങ്ങള്‍ ഇസ്രായേല്‍ നിയന്ത്രണത്തിലാണിപ്പോള്‍.
ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങുടെ മധ്യസ്ഥതയില്‍ യു.എസ് പിന്തുണയോടെ കഴിഞ്ഞ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്ന ശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഇസ്രായേല്‍ ആക്രമണങ്ങളില്‍ 34 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 129 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ് പ്രദേശത്തെ തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന ആയുധധാരികള്‍ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈന്യത്തോട് അടുത്തതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതായി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. റഫ പ്രദേശത്തെ തുരങ്കത്തില്‍ നിന്ന് പുറത്തുവന്ന മറ്റൊരു സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതായും ആര്‍ക്കും പരിക്കില്ലെന്നും സൈനിക വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പദ്ധതി പ്രകാരം ഇസ്രായേല്‍ സേന പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും ഉടനടിയുള്ള ഭീഷണി ഇല്ലാതാക്കാന്‍ നിര്‍ണായകമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി, ഗസ മുനമ്പില്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന അവസാനത്തെ ജീവിച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെയും ഹമാസ് വിട്ടയച്ചു. ദിവസങ്ങള്‍ക്കു ശേഷം, യുദ്ധത്തിനിടെ മരിച്ച ഏതാനും ഇസ്രായേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങളും ഹമാസ് കൈമാറി.
റെഡ് ക്രോസ് വഴി ഇസ്രായേലില്‍ നിന്ന് 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചതായി ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ ഇസ്രായേല്‍ ഇതുവരെ കൈമാറിയ ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ 135 ആയി.
അതേസമയം, ഈജിപ്തിലെയും ജോര്‍ദാനിലെയും തങ്ങളുടെ വെയര്‍ഹൗസുകളില്‍ ഗസയിലെ എല്ലാ നിവാസികള്‍ക്കും മൂന്ന് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സി അറിയിച്ചു. 13 ലക്ഷം ആളുകള്‍ക്ക് അഭയം നല്‍കാന്‍ ആവശ്യമായ തമ്പുകളും മറ്റു സാധനസാമഗ്രികളും തങ്ങളുടെ പക്കലുണ്ടെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. കാലതാമസമില്ലാതെ ഗസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്ന് യു.എന്‍ റിലീഫ് ഏജന്‍സി ആവശ്യപ്പെട്ടു.


