14
Mar 2025
Tue
14 Mar 2025 Tue
israel ceasefire

ഗസ്സ സിറ്റി: സമ്പൂര്‍ണ യുദ്ധവിരാമത്തിന് ഇസ്രായേല്‍ തയ്യാറാകാത്തത് രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വിലങ്ങു തടിയാവുന്നു. (Israel refuses to agree to a complete ceasefire) ദോഹയിലെത്തിയ ഇസ്രായേല്‍, ഹമാസ് സംഘങ്ങളുമായി മധ്യസ്ഥ രാജ്യങ്ങള്‍ അനൗപചാരിക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമ്പൂര്‍ണ യുദ്ധവിരാമത്തിലൂടെ മാത്രം ബന്ദികൈമാറ്റം എന്ന ഹമാസ് നിലപാട് സ്വീകാര്യമല്ലെന്നാണ് ഇസ്രായേല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. ഷിന്‍ ബെത്, മൊസാദ്, സൈന്യം എന്നിവയുടെ പ്രതിനിധികളാണ് ഇസ്രായേല്‍ സംഘത്തിലുളളത്.

യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാനും സൈന്യത്തെ പിന്‍വലിക്കുന്നതിനുമുള്ള അനുമതി സംഘത്തിന് നെതന്യാഹു നല്‍കിയിട്ടില്ല. അതേസമയം, ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഫലപ്രാപ്തിയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ് പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ ഹമാസും ഇസ്രായേലും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതി നോക്കിയാകും തങ്ങളുടെ ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ദിമോചന വിഷയത്തില്‍ ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയതിനു പുറമെ ഹമാസിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള യു.എസ് പ്രതിനിധി ആഡം ബോഹ്‌ലെറുടെ പ്രതികരണവും ഇസ്രായേലിനെ രോഷം കൊള്ളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹമാസുമായി ഇനി നേരിട്ടുള്ള ചര്‍ച്ച ട്രംപ് ഭരണകൂടം ഉപേക്ഷിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഹായ വസ്തുക്കള്‍ തടയുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തതോടെ ഗസയിലെ സ്ഥിതിഗതികള്‍ ഗുരുതരമായതായി അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘം വ്യക്തമാക്കി. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ മരിച്ചു വീഴുമെന്നും റെഡ്‌ക്രോസ് മുന്നറിയിപ്പ് നല്‍കി.

ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂത്തികള്‍
ഗസയിലേക്ക് രണ്ടു ദിവസത്തിനുള്ളില്‍ സഹായം എത്തിച്ചില്ലെങ്കില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്കെതിരെ ആക്രമണം പുനരാരംഭിക്കമെന്ന് യെമനിലെ ഹൂതികള്‍. ചെങ്കടലിലും ഏദന്‍ തുറമുഖത്തും ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ ആക്രമിച്ചു തകര്‍ക്കുമെന്നാണു മുന്നറിയിപ്പ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക