ഗസയില്‍ സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നതിനും വീടുകള്‍ കൂട്ടത്തോടെ തകര്‍ക്കുന്നതിനും റോബോട്ടുകളെ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം. (Israel Uses ‘Booby-Trapped Robots’ in North Gaza to Escalate Killings ) ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഈ റോബോട്ടുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ ചെന്ന് പൊട്ടിത്തെറിക്കുകയാണ് ചെയ്യുന്നത്
|
വിദൂര സ്ഥലത്ത് നിന്ന് നിയന്ത്രിക്കാവുന്ന ഇത്തരം റോബോട്ടുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ പരിസരത്തുള്ള കെട്ടിടങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വന്‍ നാശനഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ചൂണ്ടിക്കാട്ടി. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും ഇത്തരം റോബോട്ടുകള്‍ വലിയ ആഘാതം സൃഷ്ടിക്കുന്നു.
സിവിലിയന്‍മാരെയോ സൈനിക ലക്ഷ്യങ്ങളെയോ തിരിച്ചറിയാന്‍ സാധിക്കാത്ത ഇത്തരം റോബോട്ടുകളുടെ ഉപയോഗം അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
അല്‍ഖസബിയില്‍ കഴിഞ്ഞ ബുധനാഴ്ച്ച ഇത്തരം റോബോട്ടുകളെ ഉപയോഗിച്ചുള്ള സ്‌ഫോടനം നടന്നതായി പ്രദേശവാസി പറഞ്ഞു. വ്യോമാക്രമണത്തേക്കാള്‍ വലിയ ശബ്ദത്തോടെയുള്ള സ്‌ഫോടനമാണ് നടന്നത്. ഒറ്റയടിക്ക് ആറോ ഏഴോ വീടുകളാണ് സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ടത്. അകത്ത് സിവിലിയന്‍മാരുണ്ടോ എന്നതൊന്നും പരിഗണിക്കാതെയാണ് സ്‌ഫോടനം നടത്തുന്നത്.
തവാം, സഹ്‌റ പ്രദേശങ്ങളിലും ഇത്തരം റോബോട്ടുകളെ ഉപയോഗിച്ച് ഇസ്രായേല്‍ സ്‌ഫോടനം നടത്തിയിട്ടുണ്ട്. ജബലിയ ക്യാമ്പിന് പടിഞ്ഞാറുള്ള ബിര്‍ അല്‍ നജയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്.
വടക്കന്‍ ഗസയിലെ കെട്ടിടങ്ങളും വീടുകളും പൂര്‍ണമായി തകര്‍ത്ത് വാസ യോഗ്യമല്ലാതാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി ആകാശത്തുനിന്നുള്ള ബോംബിങ്, റോബോട്ടുകളെ ഉപയോഗിച്ചുള്ള സ്‌ഫോടനം, വീടുകളില്‍ നേരിട്ട് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച് തകര്‍ക്കല്‍ തുടങ്ങിയ രീതികളാണ് ഇസ്രായേല്‍ സൈന്യം പ്രയോഗിക്കുന്നത്.
ഇതേ തുടര്‍ന്ന് രണ്ട് ലക്ഷത്തോളം പേര്‍ വടക്കന്‍ ഗസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും താല്‍ക്കാലിക കൂടാരങ്ങളിലുമാണ് കഴിയുന്നതെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.


