കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ്. (Kasaragod Aboobacker siddique murder case: Red corner notice) പുത്തിഗെ, മുഗുറോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് മുഖ്യപ്രതിയടക്കമുള്ള ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
|
ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റ് ഡിവൈ.എസ്.പി പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാര്‍ തിങ്കളാഴ്ച പൈവളിഗെയില്‍ നിന്നു കണ്ടെടുത്തിരുന്നു.
ALSO READ: പ്രിയങ്ക നാളെ വയനാട്ടില്‍ എത്തും; ഇത്തവണയും പച്ചപ്പതാകയ്ക്ക് പകരം ബലൂണോ? ആകാംക്ഷയില്‍ ലീഗണികള്‍
ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി അസ്‌കര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാര്‍ കണ്ടെത്തുന്നതിനു വേണ്ടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പൈവളിഗെയില്‍ ഉപേക്ഷിച്ച നിലയിലാണ് കാര്‍കണ്ടെത്തിയത്.
കാര്‍ രണ്ടു ദിവസത്തിനകം കോടതിയില്‍ ഹാജരാക്കും. കാറുടമയായ അസ്‌കര്‍ അലിയടക്കം ആറു പേര്‍ ഗള്‍ഫിലുള്ളതായാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. ഇവരെ നാട്ടിലെത്തിക്കുന്നതിന് റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.
ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച് സംഘം.
2022 ജൂണ്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടു പോയി പൈവളിഗെയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മര്‍ദ്ദിക്കുകയും മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി കൊലപ്പെടുത്തിയതെന്നുമാണ് കേസ്.
മരണം സംഭവിച്ചുവെന്നു ഉറപ്പായതോടെ അബൂബക്കര്‍ സിദ്ദിഖിന്റെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു.
എന്നാല്‍, മുഖ്യപ്രതികളടക്കമുള്ളവരെ കണ്ടെത്താനോ ഗൂഢാലോചന പുറത്തു കൊണ്ടുവരാനോ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കേസന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവായത്.





