വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പില്‍ പിടിയിലായ കോള്‍ തോമസ് അല്ലന്റെ വിചിത്രമായ ‘മാനിഫെസ്റ്റോ’ പുറത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാന്‍ ലക്ഷ്യമിട്ട പ്രതി, തന്റെ പട്ടികയില്‍ നിന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ മാത്രം ബോധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നിലെ കാരണമാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
|
മതവും നിയമപാലനവും ചര്‍ച്ചകളില്‍
കാഷ് പട്ടേലിനെ ഒഴിവാക്കിയതിനെക്കുറിച്ച് നിരവധി നിഗമനങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ കോള്‍ അല്ലന്‍ ക്രൈസ്തവ വിരുദ്ധ ചിന്താഗതിക്കാരനായിരുന്നുവെന്നും കാഷ് പട്ടേല്‍ ഹിന്ദുവായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
മറ്റൊരു പ്രധാന നിഗമനം, പ്രതിക്ക് നിയമപാലകരെ (Law Enforcement) നേരിട്ട് ആക്രമിക്കാന്‍ താല്പര്യമില്ലായിരുന്നു എന്നതാണ്. ട്രംപിനെ ലക്ഷ്യം വച്ചുള്ള തന്റെ നീക്കത്തില്‍ നിന്ന് ശ്രദ്ധ മാറാതിരിക്കാനാണ് എഫ്ബിഐ തലവനായ പട്ടേലിനെ ഇയാള്‍ ഒഴിവാക്കിയതെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ALSO READ: നിതിന്‍ രാജിന് നീതി തേടി ഹര്‍ത്താല്‍; പലയിടത്തും ബസ്സുകള്‍ തടയുന്നു
മാനിഫെസ്റ്റോയിലെ വെളിപ്പെടുത്തലുകള്‍
ആക്രമണത്തിന് തൊട്ടുമുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്കും മുന്‍ തൊഴിലുടമയ്ക്കും ഇയാള്‍ ‘ക്ഷമാപണവും വിശദീകരണവും’ (Apology and Explanation) എന്ന പേരില്‍ 1,052 വാക്കുകളുള്ള ഒരു ഇമെയില്‍ അയച്ചിരുന്നു.
‘ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ (കാഷ് പട്ടേല്‍ ഒഴികെ) റാങ്ക് അനുസരിച്ച് വധിക്കുക എന്നതാണ് ലക്ഷ്യം’ എന്ന് രേഖയില്‍ വ്യക്തമാക്കുന്നു.
ഹോട്ടല്‍ ജീവനക്കാരെയോ മറ്റ് അതിഥികളെയോ ആക്രമിക്കാന്‍ താല്പര്യമില്ലെന്നും എന്നാല്‍ ആവശ്യം വന്നാല്‍ ആര്‍ക്ക് നേരെയും വെടിയുതിര്‍ക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു.
പ്രതി നിസ്സഹകരണം തുടരുന്നു
31-കാരനായ കോള്‍ അല്ലന്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (CalTech) ബിരുദധാരിയാണ്. തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതടക്കം മൂന്ന് ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ പ്രതി തയ്യാറായിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കാം. സംഭവത്തില്‍ എഫ്ബിഐയും മറ്റ് ഏജന്‍സികളും വിശദമായ അന്വേഷണം തുടരുകയാണ്.



