തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. (KCA coach Manu rape case: Phone seized) വനിതാ താരങ്ങളെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന കേസില്‍ പോലീസ് മനുവിനെ അറസ്റ്റ് ചെയ്തിരുന്നു. മനുവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടികളുടെ നഗ്‌നദൃശ്യങ്ങളും വിഡിയോകളും ചിത്രീകരിച്ച ഫോണ്‍ കന്റോണ്‍മെന്റ് പൊലീസ് പിടിച്ചെടുത്തത്.
|
വിഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി. ഇവ തിരിച്ചെടുക്കുന്നതിനും ശാസ്ത്രീയ പരിശോധനക്കും ഫോണ്‍ പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറി. കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീഡനം നടന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ച തെങ്കാശിയിലും കെ.സി.എ ആസ്ഥാനത്തും പൊലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തി. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പരാതിയുമായി രംഗത്തെത്തിയതെങ്കിലും ഇതില്‍ ഒരു പരാതി മാത്രമാണ് മനു സമ്മതിച്ചത്.
2021ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെ.സി.എ ആസ്ഥാനത്തെ ശുചിമുറിയില്‍വെച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പീഡിപ്പിച്ചത്. തുടര്‍ന്ന് 2023ലും തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയും ഈ ചിത്രങ്ങള്‍ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഇതെന്നാണ് മനുവിന്റെ വാദം. അതേസമയം, അവസരം നിഷേധിക്കുമെന്നു ഭീഷണിപ്പെടുത്തി മനു പീഡിപ്പിച്ചിരുന്നതായി മറ്റ് പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കെ.സി.എ ആസ്ഥാനത്തെ വിശ്രമമുറിയിലും ശുചിമുറിയിലും വെച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. വഴങ്ങാത്തവരെ ശാരീരിക അസ്വസ്ഥകളുണ്ടായിരുന്നപ്പോഴും കഠിനമായി പരിശീലിപ്പിച്ചു. തലയിലേക്ക് ബോള്‍ വലിച്ചെറിഞ്ഞു. വേദനസംഹാരിക്ക് പകരം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറത്തുപറഞ്ഞാല്‍ അവസരം നിഷേധിക്കുമെന്നായിരുന്നു ഭീഷണി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ മനുവിനെ റിമാന്‍ഡ് ചെയ്തു.
കെസിഎക്ക് ഗുരുതര വീഴ്ച്ച
മനുവിന്റെ വിഷയത്തില്‍ കെ.സി.എക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമര്‍ശനം ശക്തമാണ്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ മനുവിനോട് കെ.സി.എ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മനു രാജി സമര്‍പ്പിച്ചു. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് നടന്ന പിങ്ക് ടൂര്‍ണമെന്റിലും ഒരു ടീമിന്റെ പരിശീലകനായി മനുവിനെ കെ.സി.എ നിയോഗിച്ചു. അതേസമയം, കഴിഞ്ഞ ഏപ്രിലില്‍ കെ.സി.എക്ക് പരാതി അയച്ച രക്ഷിതാവ് തന്റെ ഇ-മെയില്‍ ഐ.ഡി ഹാക്ക് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. മനുവിനെതിരെ കെ.സി.എക്കയച്ച ഇ-മെയിലുകളടക്കം നീക്കം ചെയ്തതായാണ് പരാതി.





