28
Dec 2023
Mon
28 Dec 2023 Mon

കോഴിക്കോട്ട് റോഡരികില്‍ പുലി ചത്ത നിലയില്‍; ദേഹത്ത് നിറയെ മുള്ളന്‍പന്നിയുടെ മുള്ളുകളും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജില്ലയിലെ മുത്തപ്പന്‍പുഴ മൈനാവളവില്‍ നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ പാല്‍ സംഭരിക്കാന്‍ പോയ ഓട്ടോക്കാരനാണ് മൈനവളവു ഭാഗത്ത് റോഡരികില്‍ പുള്ളിപ്പുലി ചത്തുകിടക്കുന്നത് കണ്ടത്. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകള്‍ തറച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.

മുമ്പ് പലപ്പോഴും മുത്തപ്പുഴ മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു. രണ്ടുമാസം മുമ്പ് ഒരു കര്‍ഷകന്റെ പശുകിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു.

അതേസമയം വയനാട് വാകേരിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന. ആര്‍ ആര്‍ ടി യും വനം വകുപ്പുജീവനക്കാരുമാണ് മേഖലയില്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നത്. കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.