28
Jul 2023
Sun
28 Jul 2023 Sun

‘ലൗ ജിഹാദ്’ എന്ന പദത്തെ അംഗീകരിക്കുന്നില്ല; മിശ്രവിവാഹത്തെ ലൗജിഹാദ് എന്ന് പറയുന്നത് ചിലരുടെ രാഷ്ട്രീയമെന്നും ലോക്‌നാഥ് ബെഹ്‌റ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം: കേരളത്തില്‍ മിശ്രവിവാഹം സാധാരണയാണെന്നും അതിനെ ലൗജിഹാദ് എന്ന് പറയുന്നത് ചിലരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ‘കേരളം ഒരു മതേതര സംസ്ഥാനമാണ്. ഇവിടെ വ്യത്യസ്ത മതത്തില്‍പെട്ടവര്‍ വിവാഹം കഴിക്കുന്നത് സാധാരണമാണ്. അതിനെ ലൗ ജിഹാദ് എന്നോ മറ്റേതെങ്കിലും ജിഹാദ് എന്നോ വിളിക്കുന്നത് വെറും രാഷ്ട്രീയമാണ്. ലൗ ജിഹാദ് എന്ന പ്രയോഗം താന്‍ അംഗീകരിക്കില്ല. ഇതൊരിക്കലും നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതല്ല. രണ്ടു പേര്‍ ഇഷ്ടപ്പെടുന്നതും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതിലും എന്താണ് തെറ്റ്? ബെഹ്‌റ ചോദിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍നിന്ന് ഐ.എസിലേക്ക് പോയതിന് ലൗ ജിഹാദുമായി ബന്ധമില്ല. അന്ന് ഏതാണ്ട് 21 പേരാണ് കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നത്. ഇത് രാജ്യത്തിന് മുഴുവന്‍ ഒരു സര്‍െ്രെപസ് ആയിരുന്നു. ഈ സംഘനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ ഐഎസില്‍ ചേരുന്നത്. ഇവര്‍ക്കു പിന്നില്‍ സംഘടിതനീക്കം ഉണ്ടായിരുന്നില്ല. ഒരോരുത്തരായി തീരുമാനം എടുത്തു പോയവരാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇവരെ കുറിച്ച് ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമായിരുന്നുവെന്നും ബെഹ്‌റ പറഞ്ഞു.

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളും ഐഎസില്‍ ചേര്‍ന്നിരുന്നു എന്നാല്‍ അതില്‍ പലതും റിപ്പോര്‍ട്ട് ചെയ്തില്ല. അതിന് ശേഷം എന്തുണ്ടായി എന്നാണ് മനസിലാക്കേണ്ടത്. വ്യാപകമായി ആളുകള്‍ ഐഎസിലേക്ക് പോകുന്നതു തടയാന്‍ ഉന്നതതലത്തില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം കേരള പൊലീസ് ഒരുക്കി. അതിനു ശേഷം ഇത്തരം കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവരുടെ പ്രചരണം അത്ര വലുതായതുകൊണ്ടാണ് ഐഎസിലേക്ക് ആളുകള്‍ ചേര്‍ന്നത്. അതില്‍ ലൗ ജിഹാദിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഭര്‍ത്താവിനും ഭാര്യയ്ക്കുമിടയില്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയാന്‍ നമുക്ക് സംവിധാനമില്ലല്ലോയെന്നും ബെഹ്‌റ പറഞ്ഞു.