തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നു വയസ്സുള്ള അസം ബാലികയെ രണ്ടു രാപകല്‍ നീണ്ട അന്വേഷണത്തിനുശേഷം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു കണ്ടെത്തി. (Missing 13 year old found from Vishakhapattanam) തിരോധാനവാര്‍ത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടനാ പ്രതിനിധികള്‍ ട്രെയിനുകളില്‍ കയറി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
|
കുട്ടി ആരോഗ്യവതിയായിരിക്കുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനിബ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയത് ഒരുകൂട്ടം സ്ത്രീകള്‍ക്കിടയില്‍ നിന്നാണ്. മലയാളി സമാജം പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ സ്ത്രീകള്‍ കുട്ടിയുടെ അവകാശവാദം ഉന്നയിച്ചു. കുട്ടി ഇപ്പോള്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ക്കൊപ്പമാണുള്ളത്. കൂടെ റെയില്‍വെ സംരക്ഷണ സേനാംഗങ്ങളുമുണ്ട്.
‘അമ്മ വഴക്കു പറഞ്ഞു, ആ വിഷമത്തില്‍ ഇറങ്ങിപോന്നു, പിന്നൊന്നും അറിയില്ല’ എന്നായിരുന്നു കണ്ടെത്തിയതിന് ശേഷം കുട്ടിയുടെ പ്രതികരണമെന്ന് വിശാഖപട്ടണത്തെ മലയാളി സമാജം നേതാവ് എന്‍എം പിള്ള പറഞ്ഞു.
താംബരം എക്സ്പ്രസ് ട്രെയിനില്‍ കുട്ടി ഉണ്ടാവാം എന്ന സംശയം ചിലര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ വിശാഖ പട്ടണം സ്റ്റേഷനില്‍ എത്തിയിരുന്നു. നാല് മണിക്കൂറോളം വൈകിയാണ് ട്രെയിനെത്തിയത്. ഓരോ ബോഗികളിലും കയറി പരിശോധിച്ചു. തുടര്‍ന്നാണ് മുന്‍വശത്തെ ബോഗിയില്‍ നിന്ന് ബെര്‍ത്തില്‍ കിടക്കുന്ന തരത്തില്‍ കുട്ടിയെ കണ്ടെത്തിയതെന്ന് എന്‍ എം പിള്ള പറഞ്ഞു.
ALSO READ: കാണാതായ 13കാരി നാഗര്‍കോവിലിലും കന്യാകുമാരിയിലും ഇറങ്ങി; വിവേക് എക്‌സ്പ്രസില്‍ കയറിയതായി സംശയം
അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. വസ്ത്രങ്ങളും ബാഗും 40 രൂപയും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ എന്നാണു വിവരം. കഴക്കൂട്ടം മുതല്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്നുതന്നെ കണ്ടെത്തിയെങ്കിലും തുടര്‍ന്ന് എവിടേക്കു പോയെന്നറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.

ആഹാരം കഴിക്കാത്തതിനാല്‍ കുട്ടിയ്ക്ക് നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ട്. കുട്ടി ഇപ്പോള്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്. കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലെത്തിയെ പെണ്‍കുട്ടി ഗുവാഹട്ടിയിലേക്കുള്ള ട്രെയിനില്‍ കയറുകയായിരുന്നു.
വീട്ടില്‍ നിന്ന് വഴക്കിട്ട് വിഷമിച്ച് ഇറങ്ങിപോയതാണൈന്നും അസമിലേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നും കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് ഇന്നു തീരുമാനിക്കും. കുട്ടി സുരക്ഷിതയാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
മാതാപിതാക്കളായ അന്‍വര്‍ ഹുസൈനോടും പര്‍ബിണ്‍ ബീഗത്തോടും പിണങ്ങി ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരങ്ങളോട് അടികൂടിയതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണ് കാരണം. ഏകദേശം ഒരു മാസംമുന്‍പാണ് ഇവര്‍ തിരുവനന്തപുരത്തു താമസമാക്കുന്നത്. 50 രൂപ മാത്രമാണ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. വസ്ത്രങ്ങളടങ്ങിയ ബാഗും എടുത്തിരുന്നു. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ചാനല്‍ വാര്‍ത്തകള്‍ കണ്ട് ബുധനാഴ്ച പുലര്‍ച്ചെ ബബിത എന്ന വിദ്യാര്‍ഥിനി കന്യാകുമാരിക്കുള്ള തീവണ്ടിയില്‍ യാത്രചെയ്യുന്ന തസ്മിദിന്റെ ചിത്രം പോലീസിന് അയച്ചുനല്‍കിയിരുന്നു. തീവണ്ടിയിലിരുന്നു കരയുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയാണ് ചിത്രം പകര്‍ത്തിയത്. ഇതോടെ പെണ്‍കുട്ടി കന്യാകുമാരിക്കാണ് പോയതെന്നു മനസ്സിലായി. പിന്നീട് കേരള, തമിഴ്നാട് പോലീസും ആര്‍.പി.എഫും റെയില്‍വേ സ്റ്റേഷനുകളിലും പുറത്തും വ്യാപക പരിശോധന നടത്തി. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരുമെല്ലാം പങ്കാളികളായി.
ഇതിനിടയിലാണ് നാഗര്‍കോവില്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി കുടിവെള്ളമെടുത്ത് പെണ്‍കുട്ടി വീണ്ടും കയറുന്ന സി.സി. ടി.വി. ദൃശ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.
ചെന്നൈ എഗ്മോറിലേക്ക് ഇതേ ബോഗികളുപയോഗിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.50-ന് തിരിച്ചുപോകുന്ന വണ്ടിയില്‍ കുട്ടി കയറുന്ന ദൃശ്യങ്ങള്‍കൂടി ലഭിച്ചതോടെ അന്വേഷണം ചെന്നൈയിലേക്കു തിരിഞ്ഞു.





