പാലക്കാട്: ജില്ലാ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട അതൃപ്തിയില്‍ പാലക്കാട് ബിജെപി കടുത്ത പ്രതിസന്ധിയിലേക്ക്. (More BJP councilors in Palakkad ready to resign) കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. അഞ്ചോളം മണ്ഡലം പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചു.
|
വിമതയോഗത്തില്‍ പങ്കെടുത്ത ഏഴ് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കൊപ്പം നാല് പേര്‍ കൂടി രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന.
ചെയര്‍പേഴ്‌സനും, വൈസ് ചെയര്‍പേഴ്‌സനും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരാണ് രാജിക്കൊരുങ്ങുന്നത്.
യുവമോര്‍ച്ചാ നേതാവ് പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാല്‍, ഉടന്‍ സംസ്ഥാന നേതൃത്വത്തിന് ഇവര്‍ രാജിക്കത്ത് കൈമാറും എന്നാണ് വിവരം. ഇവരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ സജീവ നീക്കവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.
ALSO READ: അടൂരില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കൂടുതല്‍ കൗണ്‍സിലര്‍മാര്‍ കൂടി രാജി സൂചന നല്‍കിയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം. കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോള്‍ ഉള്ളത്. മണ്ഡലം പ്രസിഡന്റുമാര്‍ കൂടി രാജിവയ്ക്കുമെന്ന ഭീഷണി ഉയര്‍ത്തിയതോടെ നേതൃത്വം ആശയക്കുഴപ്പത്തിലായി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തിരഞ്ഞെടുത്തു എന്നാണ് രാജിക്കൊരുങ്ങുന്ന ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇവരുമായി കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യര്‍ മുഖേന ചര്‍ച്ച നടന്നുവെന്നും സൂചനകളുണ്ടായിരുന്നു.
അതേ സമയം, സമവായ നീക്കവുമായി ആര്‍എസ്എസ് രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന യോഗത്തില്‍ വിമത നേതാക്കളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് സജീവമാക്കി.
രാജി ഭീഷണിയുമായി കൗണ്‍സിലര്‍മാര്‍ മുന്നോട്ടുപോകുമ്പോഴും വിഷയത്തില്‍ ഒരു സമവായവും വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്‍മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.





