25
May 2025
Wed
25 May 2025 Wed
sdpi local body election seats

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിക്കുമോ എന്ന കാര്യം ഇന്നറിയാം. (Nilambur By-election: SDPI state president to announce stance today)  രാവിലെ 11.30ന് എസ്ഡിപിഐ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാ പ്രസിഡന്റ് സിപി അബ്ദുല്‍ ലത്തീഫ് പാര്‍ട്ടി തീരുമാനം അറിയിക്കും. ചൊവ്വാഴ്ച്ച ബംഗളൂരുവില്‍ ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായാണ് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതെങ്കിലും മുന്നണിയെ പിന്തുണക്കേണ്ടതില്ലെന്നും പാര്‍ട്ടി മത്സരിക്കണമെന്നുമാണ് പ്രാദേശികമായി പ്രവര്‍ത്തകരുടെ വികാരം. മലപ്പുറം ജില്ലാ കമ്മിറ്റിയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന നിലപാടിനാണ് മുന്‍തൂക്കം. എന്നാല്‍, സംസ്ഥാന, ദേശീയ വിഷയങ്ങള്‍ കൂടി പരിഗണിച്ചാകും തീരുമാനമെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിഷയം സജീവമായ വേളയില്‍ പാര്‍ട്ടി മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നീട് അതില്‍ നിന്ന് പിറകോട്ടടിച്ചു. എന്നാല്‍, ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാധ്യത വര്‍ധിച്ചതായി അഭിപ്രായമുണ്ട്.

ALSO READ: SDPI പിന്തുണ വേണ്ട; കാരണം വിശദമാക്കി UDF

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് ഇത് തള്ളിക്കളഞ്ഞു. ബിജെപിക്ക് സാധ്യതകളൊന്നുമില്ലാത്ത മണ്ഡലത്തില്‍ യുഡിഎഫിനെ പാഠം പഠിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന ചര്‍ച്ചകളും എസ്ഡിപിഐയില്‍ സജീവമാണ്.

മണ്ഡലത്തില്‍ ചുരുങ്ങിയത് 5000 വോട്ടെങ്കിലും പിടിക്കാന്‍ കഴിയുമെന്നാണ് എസ്ഡിപിഐ പ്രതീക്ഷിക്കുന്നത്. എസ്ഡിപിഐ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ യുഡിഎഫിന് ആയിരിക്കും അത് കനത്ത ആഘാതം സൃഷ്ടിക്കുക. ആര്യാടന്‍ ഷൗക്കത്തിനോട് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പും എസ്ഡിപിഐക്ക് മുതല്‍ക്കൂട്ടാവും.