29
Apr 2023
Sun
29 Apr 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ മുസ്‌ലിം ലീഗ്. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി. വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച് ഇത്തരം തീരുമാനം എടുക്കുമ്പോൾ ഉദ്ദേശശുദ്ധി വഴിമാറും. തിരൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരരംഗത്തേക്ക് കടക്കുമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങൾക്കൊടുവിൽ ഷൊർണൂരിൽ സ്റ്റോപ്പ് ലഭിച്ചപ്പോൾ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി.