29
Jun 2023
Fri
29 Jun 2023 Fri

ടൈറ്റാനിക് അവശിഷ്ടം കാണാന്‍ യാത്രികരെ ക്ഷണിക്കുന്ന പരസ്യവുമായി മുങ്ങിക്കപ്പല്‍ ഉടമകളായ ഓഷ്യന്‍ഗേറ്റ് വീണ്ടും. കഴിഞ്ഞദിവസം ഇത്തരംയാത്രയ്ക്കിടെ ടൈറ്റന്‍ അന്തര്‍വാഹിനി കടലിനടിയിലെ മര്‍ദ്ദം മൂലം തകര്‍ന്ന് അഞ്ചുജീവനുകള്‍ നഷ്ടമായിരുന്നു. ഇതിനു ശേഷവും കമ്പനിയുടെ പരസ്യം തുടരുകയാണെന്നാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ജൂണ്‍ 12 മുതല്‍ ജൂണ്‍ 20 വരെയും ജൂണ്‍ 21 മുതല്‍ ജൂണ്‍ 29വരെയുമാണ് മുങ്ങിക്കപ്പല്‍ പര്യവേഷണം ഉണ്ടാവുകയെന്ന് കമ്പനി വെബ്‌സൈറ്റിലെ പരസ്യം പറയുന്നു. 250000 ഡോളറാണ് ടിക്കറ്റ് നിരക്ക്. താമസം, പരിശീലനം, പര്യവേഷണ ഉപകരണങ്ങള്‍, ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ തുക. 17 വയസ്സാണ് കുറഞ്ഞ പ്രായം. മുങ്ങിക്കപ്പലില്‍ പരമാവധി ആറു പേരെയാണ് കൊണ്ടുപോവുക.

ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് ഡൈവിങ് വിദഗ്ധന്‍ പോള്‍ ഹെന്‍ റി നാര്‍ജിയോലെറ്റ്, പാക് കോടീശ്വരന്‍ ഷഹസാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് ടൈറ്റന്‍ തകര്‍ന്ന് മരിച്ചത്.

ടൈറ്റാനിക് തകര്‍ന്നുകിടക്കുന്നതിന്റെ 1600 അടി മാറിയാണ് ടൈറ്റന്റെ അവശിഷ്ടം ലഭിച്ചിരുന്നത്. സമുദ്രത്തിന്റെ നാല് കിലോമീറ്ററോളം താഴ്ചയിലാണ് ടൈറ്റാനിക് അവശിഷ്ടം കിടക്കുന്നത്. ടൈറ്റന്‍ തകര്‍ന്നതിനു പിന്നാലെ ടൈറ്റാനിക് പര്യവേഷണം നിര്‍ത്തിയെന്ന് ഓഷ്യന്‍ഗേറ്റ് പറഞ്ഞിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നു വ്യക്തമാക്കുന്നതാണ് പരസ്യം.