ശാസ്താംകോട്ട: തിരുവോണദിനത്തില്‍ ക്ഷേത്രത്തിന് മുന്നിലിട്ട പൂക്കളവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമവുമായി ആര്‍എസ്എസ്. മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലിട്ട പൂക്കളമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കലാപ ശ്രമത്തിന് 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
|
മുന്‍ വര്‍ഷങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് തൊട്ടുമുന്നില്‍ പൂക്കളം തീര്‍ക്കുകയും അതില്‍ ആര്‍.എസ്.എസ് എന്ന് എഴുതിവെക്കുകയും ചിഹ്നങ്ങളും കൊടികളും വരച്ചിടുകയും ചെയ്യാറുണ്ട്. ഇതിനോട് ഭൂരിപക്ഷം ഭക്തര്‍ക്കും വിയോജിപ്പുള്ളതിനാല്‍ ക്ഷേത്ര ഭരണസമിതി തന്നെ ഇത്തവണ നേരിട്ട് പൂക്കളം ഇടാന്‍ തീരുമാനിച്ചു.
ഇതറിഞ്ഞ് സംഘ്പരിവാര്‍ അനുകൂലികളായ യുവാക്കള്‍ സംഘടിച്ചെത്തി സ്ഥലം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചതോടെ തര്‍ക്കമായി. പൊലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വെവ്വേറെ സ്ഥലം നിര്‍ണയിക്കുകയും പൂക്കളത്തില്‍ കൊടിയോ ചിഹ്നങ്ങളോ പേരുകളോ എഴുതരുതെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തിലാണ് തിരുവോണ ദിവസം രാവിലെ ഇരുകൂട്ടരും പൂക്കളം ഇട്ടത്. എന്നാല്‍, പൊലീസ് മടങ്ങിയതോടെ സംഘ്പരിവാര്‍ തീര്‍ത്ത പൂക്കളത്തില്‍ ആര്‍.എസ്.എസ് കൊടിയും ഓപറേഷന്‍ സിന്ദൂറും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സമീപത്ത് ശിവജിയുടെ ഫ്‌ലക്‌സ് സ്ഥാപിക്കുകയും ചെയ്തു.
ALSO READ: രക്ത ചന്ദ്രന്‍ തെളിയാന്‍ ഇനി മണിക്കൂറുകള്‍; പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തിലും കാണാം
പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥലത്തെത്തിയ പൊലീസ് കൊടിവരച്ചതും ഫ്‌ലക്‌സും നീക്കണമെന്ന് ആവശ്യപ്പെട്ടത് ചെറിയ തര്‍ക്കത്തിനിടയാക്കി. അവരസം മുതലെടുത്ത് ഓപറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയത് മായ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു എന്ന് സംഘപരിവാരം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച നിയമപരമായ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുക, കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, കൂട്ടം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. കേരളം ഭരിക്കുന്നത് ജമാത്തെ ഇസ്ലാമിയും പാകിസ്താന്‍ സര്‍ക്കാരുമാണോ എന്നദ്ദേഹം ചോദിച്ചു. എഫ്.ഐ.ആര്‍ ഉടനടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാന ഭാഗമാണ് കേരളം. എന്നിട്ടും ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നെഴുതിയ പൂക്കളമിട്ടതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും പൊലീസ് നടപടിയെ എതിര്‍ത്ത് എക്സില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഒരു വിഭാഗത്തെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും അത് പ്രതികള്‍ ചിത്രീകരിക്കുന്നത് പോലെയല്ലെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉത്സവ സമയങ്ങളില്‍ ക്ഷേത്രത്തിന് സമീപം പതാകകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പതിവായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ക്ഷേത്ര കമ്മിറ്റി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2023-ല്‍ ക്ഷേത്രപരിസരത്ത് പതാകകള്‍ ഉള്‍പ്പെടെയുള്ള അലങ്കാര വസ്തുക്കള്‍ ഹൈകോടതി നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവരുടെ പതാകയും ‘ഓപ്പറേഷന്‍ സിന്ദൂറും എഴുതി പൂക്കളം നിര്‍മ്മിച്ചത്. ഇത് ഹൈകോടതി ഉത്തരവിനെ ലംഘിക്കുന്നതോടൊപ്പം സംഘര്‍ഷങ്ങള്‍ക്കും കാരണമാകും എന്നതിനാലാണ് പരാതി നല്‍കിയതെന്നും കമ്മിറ്റി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





