17
Jul 2024
Fri
17 Jul 2024 Fri
Former Labour Party leader Jeremy Corby

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അനുകൂലികളായ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വിജയം. (Pro-Palestine candidates, including Corbyn, secure wins in UK election) മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളാണ് ഗസയിലെ ഇസ്രായേല്‍ അധിനിവേശം ഉള്‍പ്പെടെ പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൗക്കത്ത് ആദം(ലെയ്ഷസ്റ്റര്‍ സൗത്ത്), അയ്യൂബ് ഖാന്‍(ബെര്‍മിങ്ഹാം പെറി ബാര്‍), അദ്‌നാന്‍ ഹുസൈന്‍(ബ്ലാക്ക്‌ബേണ്‍), ഇഖ്ബാല്‍ മുഹമ്മദ്(ഡ്യൂസ്ബറി) എന്നിവരാണ് ലേബര്‍ പിന്തുണയോട് കൂടി ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

ഗസയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് തന്നെയാണ് തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട കണ്‍സര്‍വേറ്റീവുകളും വിജയികളായ ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെടുന്നത്. അതേസമയം, ഇസ്രായേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന നിലപാടുകാരാണ് രണ്ട് പാര്‍ട്ടികളും. ഇത് രാജ്യത്തെ ഫലസ്തീന്‍ അനുകൂല, മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

അടുത്ത പ്രധാനമന്ത്രിയാകുന്ന ലേബര്‍ നേതാവ് കെയര്‍ സ്റ്റാമറിന്റെ മണ്ഡലങ്ങളായ ഹോബോണ്‍, സെന്റ് പാന്‍ക്രാസ് പോളിങ് സ്‌റ്റേഷനുകളിലും വോട്ടെണ്ണല്‍ സ്ഥലത്തും ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം ഉയര്‍ന്നിരുന്നു.

ലണ്ടനിലെ ഇസ്ലിങ്ടണ്‍ നോര്‍ത്ത് മണ്ഡലത്തില്‍ 40 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്ന കോര്‍ബിന്‍ ഇത്തവണ ലേബര്‍ പാര്‍ട്ടിയിലെ പ്രഫുല്‍ നാര്‍ഗുണ്ടിനെ 8000ഓളം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. തനിക്ക് വോട്ട് ചെയ്തവര്‍ ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് കോര്‍ബിന്‍ പറഞ്ഞു. ഫലസ്തീനിലെ ദുരിതപൂര്‍ണമായ സാഹചര്യം തുടരരുതെന്ന് കരുതുന്നവരാണ് തനിക്ക് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ ഭിന്നതകളെ അടിച്ചമര്‍ത്തുന്നവര്‍ക്ക് തിരിച്ചടി കിട്ടുമെന്ന മുന്നറിയിപ്പ് കൂടിയാണ് തന്റെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.