നിലമ്പൂര്‍: വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് പൊലീസ് പൂര്‍ത്തിയാക്കിയത് അസാധാരണ വേഗത്തില്‍. (PV Anvar arrest ‘extraordinarily quick) വലിയ എതിര്‍പ്പില്ലാതെയാണ് അന്‍വറും അനുയായികളും അറസ്റ്റിന് വഴിങ്ങിയത്.
|
നിയമസഭാ സാമാജികനായത് കൊണ്ടാണ് അറസ്റ്റ് വരിക്കുന്നതെന്നും അല്ലെങ്കില്‍ പിണറായിയുടെ അപ്പന്റെ അപ്പന്‍ വന്നാലും തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അന്‍വര്‍ പറഞ്ഞു. ഒപ്പം ഓവര്‍ സ്മാര്‍ട്ടാകേണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് കുപിതനായി സംസാരിക്കുകയും ചെയ്തു.
ഇന്നു തന്നെ കോടതയില്‍ ജാമ്യഹരജി സമര്‍പ്പിക്കാനാണ് അന്‍വറിന്റെ തീരുമാനം. ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം.
ALSO READ: പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍
അന്‍വറിന്റെ വികാരഭരിതമായ പ്രസംഗത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. ഇതിനെ നാട്ടുകാരുടെ വൈകാരിക പ്രകടനമെന്ന് പറഞ്ഞ് അന്‍വര്‍ ന്യായീകരിക്കുകയും ചെയ്തു.
വൈകിട്ട് നാല് മണിയോടെ സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് നടപടികളിലേക്ക് കടന്നു. ആറ് മണിയോടെ അന്‍വര്‍ ഒന്നാം പ്രതിയായി 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വൈകിട്ട് 7 മണിയോടെ തന്നെ അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹമെത്തി.
രാത്രി കൃത്യം എട്ടിന് നിലമ്പൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തി്‌ലുള്ള സംഘം അന്‍വറിന്റെ വീട്ടിലേക്കെത്തി. ഇതേസമയം, അസാധാരണ സാഹചര്യം മണത്ത് വീടിന് പുറത്ത് അന്‍വറിന്റെ അനുയായികളും തടിച്ചുകൂടുന്നുണ്ടായിരുന്നു.
എട്ടരയോടെ തന്നെ പൊലീസ് സംഘം അന്‍വറിന്റെ വീടിന് അകത്തേക്ക് ബലംപ്രയോഗിച്ച് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിന്നാലെ വാറന്റില്‍ ഒപ്പുവയ്ക്കുകയായിരുന്നു.
ഓവര്‍ സ്മാര്‍ട്ടാകരുത്
അനുയായികള്‍ അന്‍വറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. 9.45ന് അന്‍വര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ ഡിവൈഎസ്പിയോടാണ് എംഎല്‍എ ഓവര്‍ സ്മാര്‍ട്ടാകരുതെന്ന് പറഞ്ഞ് തട്ടിക്കയറിയത്.
9.50ഓടെ അന്‍വറുമായി പൊലീസ് സംഘം പുറത്തേക്കെത്തി. അന്‍വറിനെ പൊലീസ് വാഹനത്തിന്റെ പിന്നില്‍ കയറ്റാനാവില്ലെന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും അധിക നേരം നീണ്ടില്ല. 10.15ന് അന്‍വറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ALSO READ: അല്‍ മുക്തദിര്‍ ജ്വല്ലറി: ആരോപണങ്ങള്‍ വ്യാജമെന്ന് മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം
ആശുപത്രിയിലും പുറത്തും വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ജാമ്യത്തിനായി രാവിലെ കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വര്‍ വ്യക്തമാക്കിയിരുന്നു. 14 ദിവസത്തേക്കാണ് റിമാന്റ്.
അന്‍വര്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍
70 കിലോമീറ്റര്‍ അകലെയുള്ള തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അന്‍വറുമായി പൊലീസ് സംഘം പോയി. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം 2.15 ന് അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ അന്‍വര്‍ പിണറായി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ച്. പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും മുസ്ലിം വിരുദ്ധ സര്‍ക്കാര്‍
കേരള ചരിത്രത്തില്‍ ഇത്രയും മുസ്ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങളോട് പിണറായി സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത്. മുസ്ലിം വിഭാഗത്തെ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പിണറായി വിജയന്‍ നടത്തുന്ന മുസ്ലിം വിരുദ്ധതയുടെ അവസാന തെളിവാണ് തന്റെ അറസ്റ്റെന്നും പി വി അന്‍വര്‍ പറഞ്ഞു.
ഇപ്പുറത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അപ്പുറത്ത് എഡിജിപി അജിത് കുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു. പിണറായി വിജയന്‍ ആര്‍എസ്എസിന് വഴങ്ങിക്കൊടുക്കുകയാണ്.
പിണറായിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ ഇതിന് മുന്‍പ് താന്‍ പല സമരങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നടപടി ആദ്യമാണ്. ഇങ്ങനെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. താന്‍ രണ്ട് മാസം ജയിലില്‍ കിടന്നാലും മലയോര മനുഷ്യര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്നാണ് പറയാനുള്ളത്.
എന്നാല്‍ ഭീകരത സൃഷ്ടിച്ചായിരുന്നു തന്നെ അറസ്റ്റ് ചെയ്തത്.
ഒരു നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ താന്‍ ഹാജരാകുമായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.


