ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള സാധ്യത മങ്ങുന്നു. രാജിക്ക് പകരം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റെ ചെയ്ത് വിഷയം ഒതുക്കാനാണ് കോണ്‍ഗ്രസിലെ ആലോചന. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ തിരിച്ചടി നേരിടുമെന്ന ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്നത്. അന്തിമതീരുമാനം ഇന്നുണ്ടായേക്കും.
|
അതേ സമയം, രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്.
ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നു. തുടര്‍ന്നാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കി കൊണ്ടുള്ള തീരുമാനം വേണം എടുക്കാന്‍ എന്നായിരുന്നു നേതാക്കളില്‍ വലിയൊരു വിഭാഗത്തിന്റെ നിര്‍ദ്ദേശം.
ALSO READ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുട്യൂബറെ വെള്ളച്ചാട്ടത്തില്‍ കാണാതായി
കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് രാജി ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് വന്നത്. എന്നാല്‍, മുഖം രക്ഷിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.
സസ്‌പെന്‍ഷന്‍ എന്ന തീരുമാനത്തിലും അന്തിമ ധാരണ ആയിട്ടില്ല . കേരളത്തില്‍ സമവായം സൃഷ്ടിച്ച ശേഷം ഇന്ന് വൈകിട്ടോടെ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസി അധ്യക്ഷന്റെ ശ്രമം.
മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെസ്യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളിലെ വനിതാ നേതാക്കളും ഷാനി മോള്‍ ഉസ്മാന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ള മുതിര്‍ന്ന വനിതാ നേതാക്കളും രാഹുല്‍ രാജിവെക്കണമെന്ന നിലപാട് തുറന്നു പറഞ്ഞിരുന്നു. യുഡിഎഫ് പക്ഷത്തോടൊപ്പം നില്‍ക്കുന്ന കെ കെ രമ എംഎല്‍എയും രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.


