കോഴിക്കോട്: നിപ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച് കലക്ടറുടെ ഉത്തരവ്. കടകമ്പോളങ്ങള്‍ രാത്രി 8 മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചക്ക് രണ്ട് മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം, ആളുകള്‍ കൂട്ടം കൂടരുതെന്നും കളക്ടര്‍ അറിയിച്ചു.
|
നിപ പരിശോധനയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആകെ ഇതുവരെ 218 പേരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്. നിലവില്‍ 136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ചികിത്സയിലുള്ളവര്‍ക്ക് പുരോഗതിയുണ്ടെന്നും ഒമ്പത് വയസുകാരന് ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര സംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസംഘത്തിനോടൊപ്പം വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂടി രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യ സംഘത്തിലെ ചിലര്‍ ഇന്ന് മടങ്ങും. അവര്‍ ഡോക്യുമെന്റേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഇന്ന് മാത്രം 37 കോണ്‍ടാക്റ്റുകളാണ് കണ്ടെത്തിയത്. ഇതോടെ 1270 കോണ്‍ടാക്റ്റുകളാണ് നിലവിലുള്ളത്. നിലവില്‍ നാലുപേരാണ് ചികിത്സയിലുള്ളത്. 27 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.





