26
Oct 2024
Mon
26 Oct 2024 Mon
Sabarimala

തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിലെന്ന പോലെ സ്‌പോട്ട് ബുക്കിങിന്റെ പേരില്‍ ശബരിമല വഴി വീണ്ടും പിടിച്ചു കയറാനൊരുങ്ങി ബിജെപി. (Sabarimala Spot booking: BJP trying to use Sabarimala as a political tool) ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തില്ലെന്ന സര്‍ക്കാര്‍ പിടിവാശി ആയുധമാക്കി ഹൈന്ദവ സമൂഹത്തില്‍ ധ്രൂവികരണം സൃഷ്ടിക്കാനുള്ള കരുനീക്കങ്ങള്‍ സംഘപരിവാരം ശക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാറും ദേവസ്വം ബോര്‍ഡും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഈ മാസം 26ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് യോഗം ചേരാന്‍ തീരുമാനിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ സ്‌പോട്ട് ബുക്കിങ് വലിയ ആയുധമാക്കി മാറ്റുകയാണ് ബിജെപി. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ഭക്തരെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ബി.ജെപി സഹായിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ ഒരു നിയന്ത്രണവും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് സുരേന്ദ്രന്റെ വെല്ലുവിളി.

ALSO READ: പശുത്തൊഴുത്ത് വൃത്തിയാക്കിയും അവിടെ കിടന്നും കാന്‍സര്‍ സുഖപ്പെടുത്താമെന്ന് യുപി മന്ത്രി

ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് മണ്ഡലക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആചാര സംരക്ഷണ സമിതി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, ശബരിമല കര്‍മ സമിതി തുടങ്ങിയ സംഘടനകള്‍ സംഘപരിവാരത്തിന്റെ ആശീര്‍വാദത്തോടെ പ്രക്ഷോഭം പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനൊപ്പം അനിയന്ത്രിതമായി സ്‌പോട്ട് ബുക്കിങ്ങും അനുവദിച്ചതിനെ തുടര്‍ന്ന് തീര്‍ഥാടനം അലങ്കോലമായിരുന്നു. ഭക്തജനത്തിരക്ക് കാരണം അയ്യപ്പഭക്തരെ പൊലീസ് വഴിയില്‍ തടയുകയും ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയ പലരും വഴിയില്‍ മാലയൂരി പ്രതിഷേധിച്ച് മടങ്ങുകയും ചെയ്തിരുന്നു.

കടുത്ത വിമര്‍ശനമാണ് ഹൈകോടതിയില്‍നിന്നടക്കം സര്‍ക്കാറിന് നേരിടേണ്ടിവന്നത്. ഇത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ അവലോകനയോഗത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി പ്രതിദിനം 80,000 പേരെമാത്രം കടത്തിവിട്ടാല്‍ മതിയെന്ന നിര്‍ദേശം ഉണ്ടായത്. സ്‌പോട്ട് ബുക്കിങ് വേണെന്നാണ് തീരുമാനം.

എന്നാല്‍, ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദര്‍ശനമെന്നത് ശബരിമലയില്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് ഹൈന്ദവസംഘടനകള്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവര്‍ക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാന്‍ കഴിയണമെന്നില്ല. ആചാരപ്രകാരം കാല്‍നടയായി അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് ഭക്തജനത്തിന് ദര്‍ശനത്തിനുള്ള അവസരം നിഷേധിക്കുമെന്നാണ് വിമര്‍ശനം.

അതേസമയം, വിഷയത്തില്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും ശബരിമലയെ പ്രക്ഷോഭവേദിയാക്കുന്നതിനോട് താല്‍പര്യമില്ല.

ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവാദ തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് പത്തനംതിട്ട സി.പി.എം ജില്ല നേതൃത്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ സി.പി.ഐക്കും അമര്‍ഷമുണ്ട്.

സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ്. അതു മാറ്റണമെങ്കിലും മുഖ്യമന്ത്രി തീരുമാനിക്കണം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരും. പരിമിതമായ അളവിലെങ്കിലും സ്‌പോട്ട്ബുക്കിങ് ഏര്‍പ്പെടുത്തണമെന്ന് യോഗം ദേവസ്വം മന്ത്രിയോട് ആവശ്യപ്പെടും.

അതേസമയം, പരമാവധി ആളുകളെ കൊണ്ട് ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യിക്കുന്നതിനു വേണ്ടിയാണ് സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിവരം. മണ്ഡലകാലം തുടങ്ങുമ്പോള്‍ സ്‌പോട്ട് ബുക്കിങ് കൂടി ഏര്‍പ്പെടുത്തിയേക്കും.