റിയാദ്: ഹമാസ്-ഹിസ്ബുല്ല നേതാക്കളെ ഭീകരവാദികളെന്ന് വിളിച്ച സൗദി ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലിനെതിരെ കടുത്ത പ്രതിഷേധം. (Saudi channel calling Hamas and Hezbollah leaders terrorists; Strong protest) എംബിസി ന്യൂസ് ചാനലാണ് ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെ ഭീകരവാദികളായി ചിത്രീകരിച്ചത്.
|
ഹമാസ് തലവന്മാരായിരുന്ന ഇസ്മാഈല്‍ ഹനിയയ്യ, യഹ്യ സിന്‍വാര്‍, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല എന്നിവരെ ന്യൂസ് ചാനല്‍ ഭീകരവാദികളെന്ന് മുദ്രകുത്തി. ഇവര്‍ക്ക് പുറമെ 2020ല്‍ കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി, 2011ല്‍ കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദന്‍ എന്നിവരെയും എംബിസി റിപോര്‍ട്ടില്‍ ഭീകരവാദികളെന്ന് ആക്ഷേപിക്കുന്നുണ്ട്.
ALSO READ: പ്രിയങ്ക നാളെ വയനാട്ടില്‍ എത്തും; ഇത്തവണയും പച്ചപ്പതാകയ്ക്ക് പകരം ബലൂണോ? ആകാംക്ഷയില്‍ ലീഗണികള്‍
ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ന്യൂസ് ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇറാഖില്‍ നൂറുകണക്കിന് ആളുകള്‍ മാധ്യമസ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലേക്ക് ഇരച്ചുകയറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എം.ബി.സിയുടെ കെട്ടിടത്തിന് പ്രതിഷേധക്കാര്‍ തീയിടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലും മറ്റ് അറബ് രാജ്യങ്ങളിലും ചാനലിനെതിരേ പ്രതിഷേധമുയര്‍ന്നു.
ചട്ടലംഘനം നടത്തിയതിന് എം.ബി.സി ന്യൂസിന്റെ ലൈസന്‍സ് ഇറാഖ് സസ്‌പെന്‍ഡ് ചെയ്തു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടുന്ന നേതാക്കളെ ആക്രമിച്ചതിലൂടെ സ്ഥാപനം മാധ്യമ സംപ്രേക്ഷണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായി ഇറാഖ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. രക്തസാക്ഷികളെ അപമാനിച്ചതിനാലാണ് ചാനലിനെതിരേ നടപടിയെടുത്തതെന്നും ഇറാഖ് സ്റ്റേറ്റ് മീഡിയ എം.ബി.സി ന്യൂസിനെ അറിയിച്ചു.
പ്രതിഷേധം രൂക്ഷമായതോടെ സൗദി അറേബ്യയുടെ മീഡിയ അതോറിറ്റി എം.ബി.സിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്തിന്റെ മാധ്യമനയം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
രാജ്യത്തെ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും മീഡിയ അതോറിറ്റി അറിയിച്ചു.


