ഇസ്രായേലുമായി സൗദി അറേബ്യ പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചാൽ വധിക്കപ്പെടുമെന്ന ഭയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കുവച്ചതായി റിപോർട്ട്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ മധ്യസ്ഥത നടത്തുന്ന യുഎസ് ഉദ്യോഗസ്ഥരോടാണ് മുഹമ്മദ് ബിൻ സൽമാൻ ഇത്തരമൊരു ആശങ്ക പങ്കുവച്ചതെന്ന് റിപോർട്ടുകൾ പറയുന്നു. ഫലസ്തീനികളുടെ അവകാശങ്ങൾ ഉറപ്പുവരുത്താതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചാൽ അത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അദ്ദേഹം യുഎസ് നയനിർമാതാക്കളെ അറിയിച്ചു. ഫലസ്തീന് പ്രത്യേക രാജ്യമെന്ന ആവശ്യകത മുഹമ്മദ് ബിൻ സൽമാൻ ഊന്നിപ്പറയുകയും ചെയ്തു.
|
ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതിനു പിന്നാലെ 1981ൽ ഈജ്പ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത് കൊല്ലപ്പെട്ട സംഭവമാണ് മുഹമ്മദ് ബിൻ സൽമാൻ സൗദി-ഇസ്രായേൽ നയതന്ത്ര ബന്ധമുണ്ടായാൽ തന്റെ ജീവൻ അപകടത്തിൽപെടാനുള്ള സാധ്യതയായി ചൂണ്ടിക്കാട്ടിയത്.
ഫലസ്തീനികൾ നേരിടുന്ന അടിയന്തര നീതി പ്രശ്നത്തിന് പരിഹാരം കാണാനായില്ലെങ്കിൽ ഇസ് ലാമിന്റെ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരനെന്ന പദവിയിൽ നിന്ന് താൻ രാജിവയ്ക്കുമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീനികൾ നേരിടുന്ന പ്രശ്നം സൗദികൾക്കും പശ്ചിമേഷ്യയിലെ മുഴുവൻ തെരുവുകൾക്കും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ യുഎഇയും ബഹ്റയ്നും അടക്കമുള്ള അറബ് രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച സമയത്തും ഇതിനു മധ്യസ്ഥത വഹിച്ച അമേരിക്ക സൗദിയുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ഫലസ്തീനികളുടെ അവകാശം സ്ഥാപിച്ചുകൊടുക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നാണ് സൗദി മറുപടി നൽകിയത്.
ALSO READ: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കാതെ ഇസ്രായേലുമായി നയതന്ത്രബന്ധമില്ലെന്ന് സൗദി


