23
Sep 2022
Wed
23 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ തെരുവുകളിൽ വളർന്ന കുട്ടികൾ ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് കളിക്കാനെത്തുന്നു. ഫിഫ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ഫുട്ബോൾ വേൾഡ് കപ്പിലാണ് ഇവർ കളിക്കുക. ചെന്നൈയിലെ തെരുവുകളിൽ അനാഥയായി വളർന്ന സന്ധ്യക്ക് ഇത് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അപൂർവ ഭാഗ്യം.

 

തമിഴ്നാട് കോയമ്പേട് മാർക്കറ്റിൽ അമ്മയുടെ കൂടെ പച്ചക്കറി വിറ്റിരുന്ന സന്ധ്യയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. അസിം പ്രേംജി ഫൗണ്ടേഷന് കീഴിലുള്ള കരുണാലയ അഭയകേന്ദ്രമാണ് സന്ധ്യക്ക് പരിശീലനം നൽകിയത്. ദോഹയിൽ ഒക്ടോബർ ആറ് മുതൽ 16 വരെയാണ് സ്ട്രീറ്റ് ചൈൽഡ് ഫുട്ബോൾ വേൾഡ് കപ്പ് അരങ്ങേറുന്നത്.

 

ഒരു വിമാനത്തിൽ പറക്കുന്നതോ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതോ താൻ സ്വപ്നം പോലും കണ്ടിരുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ക്യാപ്റ്റൻ എന്ന നിലയ്ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതുമാത്രമാണ് തന്റെ ലക്ഷ്യമെന്ന് ക്യാപ്റ്റനായ സന്ധ്യ പറയുന്നു.

 

ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ് എന്ന സംഘടനയാണ് നാല് വർഷത്തിലൊരിക്കൽ സ്ട്രീറ്റ് ചൈൽഡ് ഫുട്ബാൾ വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്. തെരുവിൽ വളരുന്ന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ടീമിലെ 12 അംഗങ്ങളിൽ ഒൻപത് പേർ ചെന്നൈയിൽ നിന്നാണ്. വിദഗ്ധരായ കോച്ചുകളുടെ കീഴിൽ ടീമിന് പരിശീലനം നൽകുകയാണ് കരുണാലയ എന്ന് കരുണാലയ മാനേജർ പോൾ സുന്ദർ സിങ് പറഞ്ഞു.

 

ബ്രസീൽ, ബംഗ്ലാദേശ്, ബൊളീവിയ, കൊളംബിയ, ഇന്തോനേഷ്യ, മെക്സിക്കോ, പലസ്തീൻ, പെറു, ഫിലിപ്പീൻസ്, അമേരിക്ക, സിംബാബ്വേ, ബോസ്നിയ, ബുറുണ്ടി, ഈജിപ്ത്, ഇംഗ്ലണ്ട്, ഹംഗറി, മൗറീഷ്യസ്, നേപ്പാൾ, പാക്കിസ്ഥാൻ, സുദാൻ, സിറിയ ടാൻസാനിയ, യുഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. തെരുവുകളിൽ വളർന്ന് ഉയരങ്ങൾ കീഴടക്കിയ കുട്ടികളുടെ അപൂർവ സംഗമമായിരിക്കും ടൂർണമെന്റ്.