24
Oct 2025
Mon
24 Oct 2025 Mon
Ananthu Aji

ആര്‍എസ്എസ് ശാഖയില്‍ നിരവധി പേരില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്. ആത്മഹത്യ കുറിപ്പില്‍ പ്രമുഖ ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കിതേ ആരോപണമുണ്ടായിരുന്നു. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയില്‍ മറ്റു നിരവധി പേരും സമാനമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വം നടപടിയെടുത്ത് ആരോപണത്തില്‍ ശുദ്ധി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തില്‍ സംഘപരിവാര്‍ മൗനം വെടിയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കി.

ALSO READ: മാധ്യമ പ്രവര്‍ത്തകന്റെ കൊല; ഇസ്രായേലി ഒറ്റുകാരെ വളഞ്ഞു പിടിച്ച് ഗസാ സുരക്ഷാ സേന; നിരവധി പേരെ വധിച്ചു

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രതി വൈകൃതങ്ങളെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തില്‍ ആയി. അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. അനന്തുവിന്റെ അച്ഛന്‍ അജി ജീവിച്ചിരിപ്പില്ല.

ആര്‍എസ്എസില്‍ ഇരകള്‍ വേറെയുമുണ്ട്. സംഘടനയില്‍നിന്നു പുറത്തുവന്നതു കൊണ്ടാണ് ഇത് തുറന്നുപറയാന്‍ കഴിയുന്നതെന്നും അനന്തുവിന്റെ കുറിപ്പില്‍ പറയുന്നു. പിതാവാണ് ആര്‍എസ്എസിലേക്കു തന്നെ കൊണ്ടുവന്നതെന്നും മാതാപിതാക്കള്‍ കുട്ടികളെ സ്‌നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയാറാകണമെന്നും കുറിപ്പിലുണ്ട്.