16
Mar 2023
Fri
16 Mar 2023 Fri

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ ആദ്യമായി ഹിജാബ്ധാരിണിയായ ജഡ്ജി. വെയ്‌നിൽ നിന്നുള്ള കുടുംബനിയമ- കുടിയേറ്റ അറ്റോണിയായ നാദിയ കഹ്ഫ് ആണ് പരമോന്നത കോടതിയിൽ ജഡ്ജിയായി സ്ഥാനമേറ്റത്. കഴിഞ്ഞ ദിവസം സ്ഥാനമേറ്റ അവർ ഖുർആനിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂജഴ്‌സിയിലെ പസായിക് കൗണ്ടിയിൽ സുപീരിയർ കോർട്ട് ജഡ്ജിയായാണ് നാദിയയുടെ നിയമനം. ഒരു വർഷം മുമ്പ് ന്യൂജഴ്‌സി ഗവർണർ ഫിർ മർഫിയാണ് നാദിയയെ ജഡ്ജി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. യുഎസിൽ മുസ്‌ലിം വനിതകൾ മുമ്പും സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച വനിത ഈ സ്ഥാനം അലങ്കരിക്കുന്നത് ഇതാദ്യമാണ്.

ന്യൂജഴ്‌സിയിലെ അറബ്-മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നിൽക്കാനായതിൽ അഭിമാനമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നാദിയ പറഞ്ഞു. ഭയമേതുമില്ലാതെ മതം അനുഷ്ഠിച്ചു തന്നെ നമ്മൾ ആഗ്രഹിച്ചയാളാകാൻ കഴിയുമെന്ന് പുതുതലമുറ മനസിലാക്കണം. വൈവിധ്യമാണ് നമ്മുടെ ശക്തി. അത് നമ്മുടെ ദൗർബല്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

സിറിയൻ വംശജയായ നാദിയ കഹ്ഫ് രണ്ടു വയസുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം സിറിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. വർഷങ്ങളായി യുഎസിലെ സാമൂഹികരംഗത്ത് സജീവമാണ് അവർ. 2003 മുതൽ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജഴ്‌സി ചാപ്റ്റർ ബോർഡ് അംഗമായിരുന്നു നാദിയ.

നിലവിൽ സംഘടനയുടെ ചെയർപേഴ്‌സനുമാണ്. ക്ലിഫ്റ്റണിലെ സാമൂഹിക സേവന രംഗത്ത് സജീവമായ സന്നദ്ധ സംഘമായ വഫാ ഹൗസിന്റെ നിയമോപദേഷ്ടാവും ഇസ്‌ലാമിക്‌ സെന്റർ ഓഫ് പസായിക് കൗണ്ടി ചെയർവുമണുമാണ് നാദിയ.