ഗസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ 61 പേരെങ്കിലും കൊല്ലപ്പെട്ടതായി മെഡിക്കല്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 19 പേര് ഭക്ഷണം തേടിയെത്തിവരാണ്. ഗസ്സ നഗരത്തിന്റെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ കനത്ത ബോംബിങും ഒപ്പം കരയാക്രമണവും നടക്കുകയാണ്.
|
ഗസയിലെ ഏറ്റവും വലിയ നഗരകേന്ദ്രമായ ഗസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രായേലി സൈന്യം തയ്യാറെടുക്കുകയാണ്. ഹമാസിന്റെ അവസാന ശക്തി കേന്ദ്രം എന്നാണ് ഗസാ സിറ്റിയെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്.
എന്നാല്‍, ഈ നീക്കം വലിയ ആള്‍നാശത്തിന് കാരണമാകുമെന്നും, അവിടെ അഭയം തേടിയിട്ടുള്ള ഏകദേശം പത്തുലക്ഷത്തോളം പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇസ്രായേല്‍ ആക്രമണം.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ളവര്‍ ഇസ്രായേലിന്റെ അപകടകരമായ നീക്കത്തിനെതിരേ രംഗത്തെത്തി.
”ഗസ നഗരത്തിലെ വിപുലമായ സൈനിക നീക്കങ്ങള്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇതിനകം കടുത്ത ദുരിതം പേറുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടിവരും, ഇത് കുടുംബങ്ങളെ കൂടുതല്‍ അപകടത്തിലാക്കും,” അദ്ദേഹം പറഞ്ഞു.
ഇസ്രായേലി സൈന്യം ഷുജായിയ, സെയ്തൂണ്‍, സാബ്ര എന്നീ പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തുന്നതിനാല്‍ കുടുംബങ്ങള്‍ വീടുകള്‍ വിട്ട് തീരപ്രദേശങ്ങളിലേക്കാണ് പലായനം ചെയ്യുന്നതെന്ന് ഗസാ നഗരത്തിലെ താമസക്കാര്‍ പറഞ്ഞു.
ഗസാ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറയുന്നതനുസരിച്ച്, ഇസ്രായേലി കരസേനയുടെ ആക്രമണത്തില്‍ സെയ്തൂണിന്റെ തെക്കന്‍ ഭാഗത്തുള്ള 1,500-ലധികം വീടുകള്‍ തകര്‍ന്നു. ആ പ്രദേശത്ത് ഒരു കെട്ടിടം പോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല.
തുടരുന്ന പട്ടി മരണം
ദുരിതത്തിലായ ഗസയില്‍, നാലുപേര്‍ കൂടി പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ യുദ്ധം ആരംഭിച്ചതുമുതലുള്ള പട്ടിണിമൂലമുള്ള മരണം 317 ആയി. മരിച്ചവരില്‍ 121 പേര് കുട്ടികളാണ്.
”നിലവിലെ അവസ്ഥ ഹൃദയഭേദകമാണ്,” ഗസയുടെ മധ്യഭാഗത്തുള്ള ദേര്‍ അല്‍-ബലാഗില്‍ നിന്ന് അല്‍ ജസീറയുടെ തരീഖ് അബു അസ്സൂം റിപ്പോര്‍ട്ട് ചെയ്തു.
”കുടുംബങ്ങള്‍ മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന ചൂടില്‍ സൂപ്പ് അടുക്കളകള്‍ക്ക് മുന്നില്‍ വരി നില്ക്കുന്നു, പലപ്പോഴും അവര്‍ക്ക് ഒഴിഞ്ഞ കൈകളോടെ താല്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മടങ്ങേണ്ടിവരുന്നു,” അദ്ദേഹം പറഞ്ഞു.
”മറ്റുള്ളവര്‍ ഭക്ഷ്യസഹായത്തിനായി വിതരണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് അവരുടെ ജീവന് പോലും അപകടത്തിലാക്കുന്നു.”
English Summary
In recent Israeli attacks across Gaza, at least 61 people have been killed, including 19 seeking aid, as military bombardment intensifies in Gaza City’s eastern and southern neighborhoods. The Israeli military is preparing to invade Gaza City, despite international warnings from figures like UN Secretary-General Antonio Guterres, who stated the expanded operation would have “devastating consequences” and displace hundreds of thousands of civilians. Residents are now fleeing their homes as neighborhoods like Shujayea, Zeitoun, and Sabra face intense bombardment, with over 1,500 homes already demolished in Zeitoun.


