17
Mar 2023
Fri
17 Mar 2023 Fri

വാഷിങ്ട്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2016 ൽ പോൺ താരത്തിന് പണം നൽകിയതിന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടൻ കോടതി കുറ്റം ചുമത്തും. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യു.എസ് പ്രസിഡന്റായി ട്രംപ് മാറും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ, പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതാണ് കേസ്. വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ന്യൂയോർക്കിൽ കുറ്റം ചുമത്തുന്നത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്തവർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച ഡോണൾഡ് ട്രംപിന് കടുത്ത തിരിച്ചടിയാണ് കേസ്. വ്യവസായ പ്രമുഖനായിരുന്ന ട്രംപുമായി 2006 ലായിരുന്ന പോൺ താരമായ സ്റ്റോമി ഡാനിയേൽസിന് ബന്ധമുണ്ടായിരുന്നത്. ട്രംപിന്റെ സുരക്ഷാ ജീവനക്കാരൻ അദ്ദേഹത്തിനൊപ്പം അത്താഴത്തിന് ക്ഷണിച്ചെന്നും പിന്നീട് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നുമായിരുന്നു സ്റ്റോമി ഡാനിയേൽസിന്റെ ആരോപണം. 2016 ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സര രംഗത്തിറങ്ങിയ ട്രംപ്, ബന്ധം പരസ്യമാക്കാതിരിക്കാൻ സ്റ്റോമി ഡാനിയേൽസിന് 1,30,000 ഡോളർ നൽകുകയായിരുന്നു. അഭിഭാഷകനായ മിഷേൽ കോഹൻ വഴിയാണ് ഇടപാടുകൾ നടത്തിയത്.

താൻ തികച്ചും നിരപരാധിയാണെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വിചാരണയ്ക്കായി കീഴടങ്ങുന്നത് സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.